തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം; ആലപ്പുഴ നഗരസഭാ യോഗത്തില്‍ കൈയാങ്കളികുഴഞ്ഞുവീണ നഗരസഭാ ചെയര്‍മാന്‍ ആശുപത്രിയില്‍
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം.
കൈയാങ്കളിക്കിടെ പരുക്കേറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്ന് മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കരുതെന്ന് ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ച നഗരസഭാ സെക്രട്ടറിയ്‌ക്കെതിരേ നടപടിയെടുക്കുന്നതിനായി വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ബഹളംവയ്ക്കുകയും കൗണ്‍സില്‍ ഹാള്‍ പൂട്ടിയിടുകയും ചെയ്ത സംഭവം യു.ഡി.എഫ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പന്‍ പരാമര്‍ശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ബഹളംവച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് പ്രതിപക്ഷം വഴങ്ങിയില്ല.
ബഹളം ശക്തമായതോടെ അജന്‍ഡ പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ ഹാള്‍ വിടാനൊരുങ്ങുമ്പോഴാണ് ചെയര്‍മാന്‍ തോമസ് ജോസഫിനും വൈസ് ചെയര്‍മാന്‍ ബീന കൊച്ചുബാവയ്ക്കും എതിരേ ഇടത് കൗണ്‍സിലര്‍മാര്‍ പാഞ്ഞടുത്തത്. ഗ്ലാസ്സും കസേരയുമെല്ലാം എടുത്തെറിഞ്ഞ ഇവര്‍ ചെയര്‍മാനെ പുറത്തേയ്ക്ക് വിടാതെ കാലില്‍പ്പിടിച്ച് വലിക്കുകയും കൈയിലിരുന്ന ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. പരുക്കേറ്റ് കുഴഞ്ഞു വീണ തോമസ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."