തോമസ് ചാണ്ടിയുടെ രാജിക്ക് സമരം ശക്തമാക്കും
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് യു.ഡി.എഫ്. ബി.ജെ.പിയെയും സംഘ്പരിവാര്‍ ശക്തികളെയും എങ്ങനെ വളര്‍ത്താമെന്ന കാര്യത്തില്‍ സി.പി.എം ഗവേഷണം നടത്തുകയാണെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലര്‍ ബി.ജെ.പിയുമായുള്ള ഇടതുമുന്നണിയുടെ രാഷ്ട്രീയ കൂട്ടുകെട്ടിന് ഏറ്റവും വലിയ ഉദാഹരണമാണ്. പരസ്യമായി ബി.ജെ.പിയെ വെല്ലുവിളിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് ഇടതുമുന്നണി. നാടിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സി.പി.എം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്.
ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെ വെറുതെവിട്ട സര്‍ക്കാര്‍ മുസ്‌ലിം ലീഗ് നേതാവ് മോയിന്‍കുട്ടിക്കെതിരേ കേസെടുത്തു.
അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ റോഡുകള്‍ പുതുക്കിയും പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടുകൊടുത്തുമൊക്കെ സഹായിച്ചു. ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളജ് കോഴ കേസ് എഴുതിത്തള്ളാന്‍ വിജിലന്‍സ് തയാറായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയതായി സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി നിയമോപദേശം തേടുന്നത് ചാണ്ടിയെ രക്ഷിക്കാനാണ്. ഭൂമി കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് തീരുമാനിച്ചതായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്‌ലിം ലീഗ്), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ്- ജേക്കബ്), വി. റാംമോഹന്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."