ഖുര്‍ആന്‍ മലയാള വിവര്‍ത്തനം: ഐഫോണ്‍ പതിപ്പ് പ്രകാശിതമായി
അബൂദബി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല വൈസ്ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി രചിച്ച ഖുര്‍ആന്‍ മലയാളവിവര്‍ത്തനത്തിന്റെ ഐഫോണ്‍ (ഐ.ഒ.എസ്) പതിപ്പ് പ്രകാശിതമായി. അബൂദബി ഇസ്ലാമിക് സെന്ററില്‍ നടന്ന ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
വൈജ്ഞാനിക മേഖലയില്‍ സമര്‍പ്പിക്കുന്ന ധര്മത്തിന് അതിരുകളില്ലെന്ന് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള കഴിവ് വിജ്ഞാനസമ്പാദനത്തിലൂടെ മാത്രമേ സാധ്യമാകൂ. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആപ്തവാക്യം എക്കാലത്തും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു.
സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലി അധ്യക്ഷനായി. സയ്യിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.ഐ.സി.സി സെക്രട്ടറി വി.ഡി.സതീശന് എം.എല്‍.എ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, അഡ്വ. എ. ജയശങ്കര്‍, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്, കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, അബൂദബി കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുക്കൂറലി കല്ലിങ്ങല്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ വി.സലിം, ഫാത്തിമ ഗ്രൂപ്പ് ചെയര്മാന് ഇ.പി മൂസഹാജി, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ സഫീര്‍ അഹമ്മദ്, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ജെ.സി നായര്‍, എം.പി മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് അബൂദബി കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഐഫോണ്‍ പതിപ്പ് പുറത്തിറക്കിയത്. ഖുര്‍ആന്‍ അധ്യായങ്ങള്‍ ആവശ്യാനുസരണം ഹോം പേജില്‍നിന്നു കണ്ടെത്താവുന്ന തരത്തിലാണു രൂപകല്പന ചെയ്തിട്ടുള്ളത്. മുകളില്‍ ഖുര്‍ആനിന്റെ ഒറിജിനല്‍ അറബിക് പേജ്, താഴെ മലയാളം വിവര്‍ത്തനം എന്ന രൂപത്തിലാണ് പേജുകളുടെ ക്രമീകരണം. വിവര്‍ത്തനമായി മാത്രമല്ല, മൊബൈല്‍ ഖുര്‍ആനായും ആപ്പ് ഉപയോഗപ്പെടുത്താം. വിവര്‍ത്തനത്തിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."