ദേശാടനക്കവി
മലയാള കവിതയിലെ ഏകാന്തപഥികനായിരുന്നു പി.കുഞ്ഞിരാമന്‍ നായര്‍. കാല്‍പനിക കവിതയുടെ മാറ്റത്തിന് സംഭാവന നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. മലയാളഭാഷയിലെ ഉന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊരാള്‍.
ആധുനിക മലയാളകവിതയില്‍ സവിശേഷമായ ഒരു അനുഭൂതി മണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയില്‍ സംഭവിക്കുന്നു.
വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണര്‍ത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിധ്യം അവയിലെല്ലാമുണ്ട്. താമരത്തോണി, താമരത്തേന്‍, വയല്‍ക്കരയില്‍, പൂക്കളം, കളിയച്ഛന്‍, അനന്തന്‍കാട്ടില്‍, ചന്ദ്രദര്‍ശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകള്‍ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തില്‍ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്‌കരിക്കുന്നു.
മലയാളത്തിന്റെ അടയാളങ്ങളും ഗ്രാമീണ ചിഹ്നങ്ങളും ദേശീയതയും ഭക്തിയും പ്രണയവും വിഷാദവുമെല്ലാം അദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു സഞ്ചാരി കൂടിയായിരുന്ന അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതയില്‍ സവിശേഷമായ സ്ഥാനമാണുള്ളത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്ത് പനയതട്ട തറവാട്ടില്‍ 1906 ഒക്‌ടോബര്‍ നാലിനാണ് പി. കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. പുറവങ്കര കുഞ്ഞമ്പുനായരായിരുന്നു പിതാവ്. മാതാവ് കുഞ്ഞമ്മയമ്മയും.
ബാല്യകാലം
നാട്ടെഴുത്തച്ഛന്‍മാരുടെ അടുക്കല്‍ നിന്ന് കുഞ്ഞിരാമന്‍ നായര്‍ അക്ഷരങ്ങള്‍ എഴുതി പഠിക്കുന്നത് നന്നേ ചെറുപ്പത്തിലായിരുന്നു. അഞ്ച് വയസ് തികയും മുന്‍പേ സര്‍ക്കാര്‍ സ്‌കൂളിലും ചേര്‍ത്തു. പിതാവ് സംസ്‌കൃത പണ്ഡിതനായതുകൊണ്ട് സംസ്‌കൃതം പഠിപ്പിക്കാനും അയച്ചു. ഒന്നര വര്‍ഷത്തെ സംസ്‌കൃത പഠനത്തിനുശേഷം വീണ്ടും നാട്ടില്‍ തിരിച്ചെത്തി. കവിതയോടായിരുന്നു കുഞ്ഞിരാമന് പ്രിയം. വായനയും എഴുത്തും തുടര്‍ന്നു പോന്നിരുന്നെങ്കിലും എഴുതുന്നതൊന്നും മറ്റാരേയും കാണിച്ചില്ല. അതിനുള്ള ധൈര്യവും ഉണ്ടായില്ല.
കവിതയുടെ മുറ്റത്തേക്ക്
പതിനാലാമത്തെ വയസില്‍ കുഞ്ഞിരാമന്‍ നായര്‍ കുത്തിക്കുറിച്ച ഒരു കവിത എങ്ങനെയോ ഒരു സുഹൃത്തിന്റെ കൈകളിലെത്തിപ്പെട്ടു. സുഹൃത്ത് അത് ഒരു പ്രസിദ്ധീകരണത്തിനയച്ചു. അതില്‍ പ്രസിദ്ധീകരിച്ചു. പലരും കാണാനും വായിക്കാനുമിടയായി. ചിലര്‍ അഭിനന്ദിച്ചു. പ്രോത്സാഹിപ്പിച്ചു. കവിതയാണ് തന്റെ വഴിയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍, ഇതോടെ പഠനത്തില്‍ ശ്രദ്ധയില്ലാതായി. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് കുഞ്ഞുലക്ഷ്മിയെന്ന പെണ്‍കുട്ടിയുമായുണ്ടായ അടുപ്പമായിരുന്നു. ഈ അടുപ്പം വീട്ടില്‍ തുറന്നു പറയാതെ അദ്ദേഹം പരീക്ഷക്ക് പണമടക്കാന്‍ ഏല്‍പ്പിച്ച തുകയുമായി പട്ടാമ്പി ദേശം വിട്ടു.
വിവാഹം
അടുപ്പം വീട്ടിലറിഞ്ഞപ്പോള്‍ പിതാവ് പൊട്ടിത്തെറിച്ചു. പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനും കല്‍പ്പന വന്നു. തഞ്ചാവൂരിലേക്കാണ് പിന്നീട് സംസ്‌കൃത പഠനത്തിനയച്ചത്. മൂന്നുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തി. പിതാവ് പറഞ്ഞ വിവാഹത്തിന് സമ്മതം മൂളി. എന്നാല്‍, വിവാഹത്തിനേല്‍പ്പിച്ച പണവുമായി അദ്ദേഹം നേരെ പട്ടാമ്പിയിലെത്തി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. മലയാളത്തിന്റെ പ്രിയ കവി പി.കുഞ്ഞിരാമന്‍ നായരുടെ കുസൃതികളിലൊന്നായിരുന്നു അത്. അങ്ങനെ ജീവിതത്തിലുടനീളം കുസൃതികള്‍ ഒപ്പിക്കുകയും ആ കുസൃതി മൂലം വലിയ നഷ്ടങ്ങളും കോട്ടങ്ങളും സംഭവിക്കുകയും ചെയ്തിട്ടുണ്ട്, പി.കുഞ്ഞിരാമന്‍ നായര്‍ എന്ന കവിയുടെ ജീവിതത്തില്‍.
ദേശാടകന്‍
വിവാഹ ശേഷം ദേശാടനമായിരുന്നു മുഖ്യ തൊഴില്‍. പലയിടത്തും അലഞ്ഞു. അതിനിടയില്‍ കുടുംബത്തെ പോലും മറന്നു. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ചില പ്രസാധകര്‍ക്ക് പുസ്തകമെഴുതിക്കൊടുത്ത് ജീവിതം കഴിച്ചുകൂട്ടി. സ്വാതന്ത്ര്യകാലത്ത് ദേശീയബോധം തുളുമ്പുന്ന ലേഖനങ്ങളും ചില പ്രസിദ്ധീകരണങ്ങളില്‍ എഴുതി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതൊന്നും അദ്ദേഹമറിഞ്ഞിരുന്നില്ല. വീടുമായുണ്ടായിരുന്ന സമ്പര്‍ക്കവും കുറവായിരുന്നു. 1947 മുതല്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു.
പുരസ്‌കാരങ്ങള്‍
1949ല്‍ നീലേശ്വരത്തു നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ കുഞ്ഞിരാമന്‍ നായരെ നീലേശ്വരം രാജാവ് ഭക്തകവി എന്ന ബഹുമതി നല്‍കി ആദരിച്ചു.1963ല്‍ കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ കൊച്ചി പരിഷത്തു രാജാവില്‍ നിന്ന് 'സാഹിത്യനിപുണ'സ്ഥാനവും ലഭിച്ചു. 1968ല്‍'താമരത്തോണി' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1959ല്‍ 'കളിയച്ഛന്'കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
എണ്‍പതില്‍ പരം കൃതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും കൃത്യമായി എഴുതിയ കൃതികള്‍ ഏതൊക്കെയാണെന്ന് ആര്‍ക്കുമറിയില്ല. 17നാടകങ്ങള്‍, ആറ് കഥകള്‍, അഞ്ച് ഗദ്യകവിതകള്‍, 35 കവിതാ സമാഹാരങ്ങള്‍ തുടങ്ങിയവയും കുറെ ചെറു പുസ്തകങ്ങളുമാണ് അദ്ദേഹത്തിന്റെ സാഹിത്യ സംഭാവന. 1978 മെയ് 27ന് തിരുവനന്തപുരം സി.പി സത്രത്തിലെ ഒറ്റമുറിയില്‍ വച്ചായിരുന്നു കവിയുടെ അന്ത്യം.
പി. സ്മാരക ട്രസ്റ്റ്
1978ല്‍ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊള്ളുന്നത്. പി.സി. കുട്ടികൃഷ്ണന്‍, സി.പി. ശ്രീധരന്‍, സുകുമാര്‍ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയര്‍മാന്‍മാര്‍. പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം നല്‍കുന്നത് ഈ ട്രസ്റ്റാണ്.
പി.യുടെ പുസ്തകങ്ങള്‍
കളിയച്ഛന്‍ (1954) 2012ല്‍ ചലച്ചിത്രമായി
ഓണസദ്യ (1960)
പൂക്കളം (1964)
താമരത്തോണി (1968)
വസന്തോത്സവം (1972)
ചിലമ്പൊലി (1974)
രഥോത്സവം (രണ്ടു വാള്യങ്ങള്‍ 1978)
താമരത്തേന്‍ (1983)
അന്തിത്തിരി
പാടുന്ന മണല്‍ത്തരികള്‍
നിര്‍വാണനിശ
പൂമ്പാറ്റകള്‍
മലനാട്
വാസന്തിപ്പൂക്കള്‍
പിറന്ന മണ്ണില്‍
മണിവീണ
അനന്തങ്കാട്ടില്‍
ഭദ്രദീപം
ശംഖനാദം
നിശാഗാനം
വീരാരാധപ്രേമപൗര്‍ണമി
മണ്‍കുടത്തിന്റെ വില
സൗന്ദര്യദേവത
ശ്രീരാമചരിതം
വരഭിക്ഷ
ചന്ദ്രദര്‍ശനം
തിരുമുടിമാല
കര്‍പ്പൂരമഴ
നീരാഞ്ജനം
പ്രപഞ്ചം
പി. കവിതകള്‍ (രണ്ട് വാല്യം)
തിരഞ്ഞെടുത്ത കവിതകള്‍
വയല്‍ക്കരയില്‍
പടവാള്‍
പൂമാല
നിറപറ
പാതിരാപ്പൂവ്
ഓണപ്പൂവ്
ഗദ്യകവിത
ഉദയരാഗം
പ്രതിഭാങ്കുരം
നാടകം
രംഗമണ്ഡപം (1956)
ഉപാസന (1958)
സ്വപ്നസഞ്ചാരി
പൂനിലാവ്
ചന്ദ്രമണ്ഡലം
രണ്ട് ഏകാങ്കനാടകങ്ങള്‍
ലേഖനം
വിചാരവിഹാരം
പക്ഷികളുടെ പരിഷത്ത്
സത്യരക്ഷ
ആത്മകഥകള്‍
കവിയുടെ കാല്‍പ്പാടുകള്‍
എന്നെ തിരയുന്ന ഞാന്‍
നിത്യകന്യകയെത്തേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."