ചെമ്പിരിക്ക ഖാസി കൊലപാതകത്തിലെ വെളിപ്പെടുത്തല്‍; സി.പി.എം പ്രാദേശിക നേതാവടക്കം രണ്ടുപേരെ ചോദ്യം ചെയ്തു
കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പിരിക്ക, മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന രണ്ടുപേരെ പൊലിസ് ചോദ്യം ചെയ്തു.
കൊലപാതകം സംബന്ധിച്ച് ആദൂര്‍ പരപ്പയിലെ അശ്‌റഫ് നടത്തിയ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന അശ്‌റഫിന്റെ ഭാര്യാ പിതാവ് സുലൈമാന്‍, നീലേശ്വരം സി.പി.എം കരുവാച്ചേരി ബ്രാഞ്ച് സെക്രട്ടറി രമേശന്‍ എന്നിവരേയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരനും സംഘവും ചോദ്യം ചെയ്തത്.
ഡിവൈ.എസ്.പി ഓഫിസില്‍ വച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം ഇരുവരെയും വിട്ടയിച്ചു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല.
ഖാസിയുടെ കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ സുലൈമാന് അറിയാമെന്നും 20 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ചിരുന്നു. സുലൈമാന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് രാജന്‍ എന്നൊരാളാണെന്ന് വെളിപ്പെടുത്തലിലുണ്ട്. രാജന്‍ എന്നയാള്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ രമേശനാണെന്ന് പൊലിസ് അന്വേഷണത്തില്‍ മനസിലായി. തുടര്‍ന്നാണ് രമേശനെ ചോദ്യം ചെയ്തത്.
വെളിപ്പെടുത്തല്‍ നടത്തിയ അശ്‌റഫ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് അന്വേഷണസംഘത്തിന് വ്യക്തതയില്ല. കേസ് സംബന്ധിച്ച് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരാണ് അന്വേഷിക്കുന്നത്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. അസൈനാറിന്റ നേതൃത്വത്തില്‍ സമാന്തരമായി മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.
വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഏതാനും പേരെ കൂടി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അശ്‌റഫിന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങളെയും പൊലിസ് ചോദ്യം ചെയ്‌തേക്കും.
വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന എസ്.ഐയില്‍ നിന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ മൊഴിയെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."