പുഴയൊഴുകും വഴിയെ: നീര്‍ചാലുകള്‍ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ
കല്‍പ്പറ്റ: ജനപങ്കാളിത്തത്തോടെ ജലസ്രോതസുകളുടെ സംരക്ഷണം എന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി പഞ്ചായത്ത് പുഴയും നീരുറവകളും സംരക്ഷിക്കാനുള്ള ജനകീയ കൂട്ടായ്മക്ക് തുടക്കമിടുന്നു. ജില്ലയുടെ 37-ാം പിറന്നാള്‍ ദിനം കൂടിയായ കേരളപ്പിറവി ദിനത്തില്‍ രാവിലെ ഒന്‍പതിന് ലക്കിടി ചങ്ങല മരത്തിന് സമീപം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉള്‍പ്പെട്ട വൈത്തിരി പഞ്ചായത്തിലും വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാന്‍ നാടൊന്നാകെ ഒത്തുചേരുന്നത്. ലക്കിടി മണ്ടമലയില്‍ നിന്നുത്ഭവിക്കുന്ന കബനിയുടെ കൈത്തോടുകളും ജലസ്രോതസുകളും വീണ്ടെടുക്കാനും പരിപാലിക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി തൊട്ടടുത്ത പഞ്ചായത്ത് അതിര്‍ത്തി വരെ ഓരോ കിലോ മീറ്ററിലും വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
പുഴയിലെ ശുദ്ധജലത്തില്‍ നീന്തല്‍, സമൂഹ സ്‌നാനം, സമൂഹ സദ്യ, തീരങ്ങളില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. വിമുക്ത ഭടന്‍മാര്‍, സ്റ്റുഡന്റ് പൊലിസ്, എന്‍.സി.സി, എന്‍.എസ്.എസ് വളണ്ടിയര്‍ എന്നിവര്‍ പുഴ സംരക്ഷണത്തിന്റെ ഭാഗമായി റിവര്‍ പട്രോളിങ് നടത്തും. പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച് കൈയേറ്റം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
ഇതിനായി പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയ റവന്യൂ വകുപ്പ് ഉള്‍പ്പെടെയുളള ജീവനക്കാരുടെ സന്നദ്ധ സേവനം തേടും. ജാഗ്രതാ സമിതികള്‍ തയാറാക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തുതല കോഡിനേഷന്‍ കമ്മിറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കിയും ജലവിഭവ വിനിയോഗം നിരീക്ഷിച്ചും ജലസമ്പത്ത് കാത്തു സൂക്ഷിക്കും. ഇതിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനകീയ കണ്‍വന്‍ഷന്‍ ചേരും. പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി അധ്യക്ഷയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."