ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും
മാനന്തവാടി: അധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്‌കൂളിലെത്താത ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിച്ച് മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നല്ലമാതൃക. ഈ വര്‍ഷം സ്‌കൂളില്‍ പോകാതിരുന്നതും കൊഴിഞ്ഞു പോയതുമായ മാനന്തവാടി താലൂക്കിലെ വിവിധ കോളനികളില്‍ നിന്നായി 69 വിദ്യാര്‍ഥികളെയാണ് ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ എത്തിച്ചത്.
എടവക പഞ്ചായത്തിലെ വാളേരി കോളനിയില്‍നിന്ന് ആറു കുട്ടികളെയാണ് പനമരം ഗവ.ഹൈസ്‌കൂളില്‍ എത്തിച്ചത്. ബത്തേരി താലൂക്കിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് പഠിക്കുകയായിരുന്ന ഈ വിദ്യാര്‍ഥികള്‍ ഓണാവധിക്ക് ശേഷം തിരികെ സ്‌കൂളില്‍ പോയിരുന്നില്ല.
തുടര്‍ന്നാണ് ട്രൈബല്‍ പ്രോമോട്ടര്‍മാരായ ഇന്ദിര, രാധ എന്നിവരുടെ സഹായത്തോടെ പനമരം ഗവ. ഹൈസ്‌കൂളില്‍ എത്തിച്ചത്. ഇവര്‍ക്ക് പനമരം ട്രൈബല്‍ ഹോസ്റ്റലില്‍ താമസ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. പനമരം ടി.ഇ.ഒ ബിജു, മാനന്തവാടി ടി.ഡി.ഒ പ്രമോദ്, സി.ഐ കാസിം, പ്രിവന്റീവ് ഓഫിസര്‍ എം.സി ഷിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ. ദീപു, വി.കെ സുരേഷ്, സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിച്ചത്. വനിതാ സോഷ്യല്‍ വര്‍ക്കര്‍മാരുടെയും ജനപ്രതിനിധികളുടെയും ട്രൈബല്‍ വകുപ്പിന്റെയും പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരിക്കല്‍ ബോധവല്‍ക്കരണം നടത്തി സ്‌കൂളില്‍ എത്തിച്ച് വീണ്ടും ആ കോളനികളിലേക്ക് തിരിഞ്ഞു നോക്കാതിരുന്നാല്‍ കുട്ടികള്‍ വീണ്ടും പഴയപടി തന്നെയാകും. അതിനാല്‍ ഒരു വട്ടം സന്ദര്‍ശിച്ച കോളനികളില്‍ തുടര്‍ നിരീക്ഷണം നടത്തിയാല്‍ മാത്രമേ കോളനികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണാന്‍ കഴിയുകയുള്ളുവെന്ന് സ്‌ക്വാഡംഗങ്ങള്‍ പറഞ്ഞു. അതിനാല്‍ ഒരുവട്ടം സന്ദര്‍ശനം നടത്തിയ കോളനികളില്‍ വീണ്ടും സന്ദര്‍ശനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തേണ്ടത് അനിവാര്യമാണ്. കോളനികള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ വിഭാഗക്കാരെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ജനമൈത്രി എക്‌സൈസിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."