സി.കെ നായിഡു ട്രോഫി; ആദ്യദിനത്തില്‍ രക്ഷകരായി ഡാരിലും ആല്‍ബിനും
കൃഷ്ണഗിരി: സി.കെ നായിഡു അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ കേരളത്തിന് കൈത്താങ്ങായത് ഡാരില്‍ ഫെരാരിയോയും ആല്‍ബിന്‍ ഏലിയാസും. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത മുംബൈ ടീം കഴിഞ്ഞ വര്‍ഷത്തെ പരാജയത്തിന് പകരം വീട്ടാനുറച്ചാണ് പന്തെറിഞ്ഞത്. കേരളത്തിന്റെ ഓപ്പണര്‍മാരെ തുടരെത്തുടരെ പവലിയനിലെത്തിച്ച് സീമര്‍ തുഷാര്‍ ദേശ്പാണ്ഡെ മുംബൈ ക്യാപ്റ്റന്‍ ജെയ് ബിസ്റ്റയുടെ തീരുമാനത്തെ ശരിവച്ചു. ഏഴാം ഓവര്‍ പിന്നിടുമ്പോഴേക്കും കേരളത്തിന്റെ രണ്ട് ഓപ്പണര്‍മാരും പവലിയനിലെത്തി, കേവലം 27 റണ്‍ മാത്രം സ്‌കോര്‍ ബോര്‍ഡില്‍ നില്‍ക്കെ. എന്നാല്‍ ഇവര്‍ക്ക് പിന്നാലെയെത്തിയ ഡാരിലും ആല്‍ബിനും ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് ബാറ്റ് വീശിയതോടെ മുംബെയുടെ മുന്‍തൂക്കം പതിയെ ഇല്ലാതായി. ഏകദിന ശൈലിയില്‍ ഒരു ബൗളറെയും കൂസാതെയുള്ള ബാറ്റിങ്ങായിരുന്നു ഡാരിലിന്റേത്. 72 പന്തില്‍ 15 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 76 റണ്ണാണ് ഡാരില്‍ നേടിയത്. എന്നാല്‍ ആല്‍ബിന്‍ പ്രതിരോധം ലക്ഷ്യംവച്ചാണ് ബാറ്റുവീശിയത്. മോശം പന്തുകളെ അതിര്‍ത്തി കടത്താനും ആല്‍ബിന്‍ മറന്നില്ല. 121 പന്തുകള്‍ നേരിട്ട ആല്‍ബിന്‍ 10 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 65 റണ്‍ നേടി പുറത്താവുമ്പോഴേക്കും കേരളം മികച്ച നിലയിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് 109 റണ്ണിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയാണ് പിരിഞ്ഞത്. ആഞ്ഞടിച്ച ഡാരിലിനെയും പ്രതിരോധക്കോട്ട കെട്ടിയ ആല്‍ബിനെയും മടക്കി ഷംസ് മുലാനി മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നാലെയെത്തിയ മഴ കളി തടസപ്പെടുത്തി. ഇതിനിടെ കേരളത്തിന്റെ നായകന്‍ ഫാബിദ് മുംബൈ നായകന്‍ ജെയ് ബിസ്റ്റിന്റെ പന്തിലും വീണു. മഴയെടുത്ത ആദ്യദിനത്തില്‍ 52.4 ഓവറുകളാണ് പന്തെറിഞ്ഞത്. ഇതില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്ണെടുത്ത കേരളം ക്രീസിലുള്ള ആദ്യ മത്സരത്തിലെ സെഞ്ചൂറിയന്‍ സല്‍മാന്‍ നിസാറില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്, മികച്ച ഒരു ടോട്ടല്‍ നേടാന്‍.
കൃഷ്ണഗിരിയില്‍ ഡാരിലിന്റെ ബാറ്റിങ് ധമാക്ക
കൃഷ്ണഗിരി: തുടര്‍ച്ചയായി രണ്ടുമത്സരങ്ങളിലും അര്‍ധശതകം നേടി ഡാരില്‍ എസ്. ഫെരാരിയോ കൃഷ്ണഗിരിയുടെ താരമായി. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരേ കേരളം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആഞ്ഞടിച്ച് 86 റണ്‍ നേടിയ ഡാരിലിന്റെ കരുത്തിലാണ് കേരളം 497ന് അഞ്ച് എന്ന മികച്ച സ്‌കോറില്‍ എത്തിയത്.
ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന്റെ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ താങ്ങായി ഡാരിലെത്തി. ഇന്നലെയും ആഞ്ഞടിച്ച ഡാരില്‍ 72 പന്തുകള്‍ നേരിട്ട് 76 റണ്ണെടുത്താണ് മടങ്ങിയത്്. അപ്പോഴേക്കും ടീം തകര്‍ച്ചയില്‍ നിന്ന് കരകയറുകയും ചെയ്തിരുന്നു. നിലവില്‍ അണ്ടര്‍ 19 ഇന്ത്യ ടീമിലെ അംഗമാണ് കേരളത്തിന്റെ ഈ പടക്കുതിര. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ സീനിയര്‍ ദേശീയ ടീമിലും താന്‍ ഉണ്ടാവുമെന്ന സൂചനയാണ് ഡാരില്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."