സ്വാശ്രയ കോളജുകള്‍ക്ക് മൂക്കുകയര്‍
സ്വാശ്രയ കോളജുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏറെ ശ്രദ്ധേയവും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തികച്ചും സ്വാഗതാര്‍ഹവുമാണ്. വിദ്യാഭ്യാസം കഴുത്തറുപ്പന്‍ കച്ചവടമാക്കി മാറ്റിയ ചില സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ മനുഷ്യത്വവിരുദ്ധ നടപടികള്‍ മൂലം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതടക്കമുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഇടക്കിടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അത്തരം ചില വിദ്യാലയങ്ങള്‍ക്കെതിരേ നടന്ന പ്രക്ഷോഭങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. കണ്ണില്‍ ചോരയില്ലാത്ത വിദ്യാഭ്യാസക്കച്ചവടക്കാരെ നിലക്കുനിര്‍ത്തണമെന്നത് പൊതുസമൂഹത്തിന്റെ മൊത്തം ആഗ്രഹമാണ്. ഏറെക്കുറെ ആ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതാണ് കമ്മിഷന്‍ റിപ്പോര്‍ട്ട്. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാനുതകുന്ന ചില സുപ്രധാന നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ട്യൂഷന്‍ ഫീസിനു പുറമെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന പണം മുഴുവന്‍ തലവരിപ്പണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ചുമത്തുന്നത് നിരോധിക്കണം, ഇന്റേണല്‍ അസസ്‌മെന്റിനു മിനിമം മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ തുടര്‍പഠനം തടയരുത്, വിദ്യാര്‍ഥികളില്‍ നിന്ന് വരുംവര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂറായി പിരിക്കുന്നത് നിരോധിക്കണം, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ല, സ്വകാര്യതയില്‍ കടന്നുകയറുന്ന രീതിയില്‍ വിദ്യാലയങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കരുത് തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ സുപ്രധാന ശുപാര്‍ശകള്‍. സ്വാശ്രയ വിദ്യാലയങ്ങളില്‍ നടക്കുന്ന ഏറ്റവും കൂടിയ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ തടയാനുള്ള നിര്‍ദേശങ്ങളാണിവയെന്നതില്‍ തര്‍ക്കമില്ല. ഒരു വ്യവസ്ഥയുമില്ലാതെയാണ് ചില സ്ഥാപനങ്ങള്‍ പല പേരുകളിലായി പണം ഈടാക്കുന്നത്. മുന്‍കൂര്‍ ഫീസ് നല്‍കാനാവാതെ പഠനം പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്ന നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തുണ്ട്. വിദ്യാര്‍ഥികളുടെ ചില ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളുമൊക്കെ സംസ്ഥാനത്തു നടന്നത് ഫീസിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റുകള്‍ കാട്ടിയ ക്രൂരതയുടെ ഫലമായാണ്. അത് കര്‍ശനമായി തടയേണ്ടതുണ്ട്. കൂടാതെ സ്വകാര്യതയുടെ ചിത്രീകരണവും സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കലുമടക്കമുള്ള പീഡനമുറകള്‍ക്ക് അറുതി വരേണ്ടതുമുണ്ട്.
അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും കര്‍ശനവും ഫലപ്രദവുമായ നടപടികളാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ബയോമെട്രിക് ഹാജര്‍, സി.സി.ടിവി സംവിധാനങ്ങള്‍ ഒരുക്കണമെന്നും യോഗ്യരെ തന്നെയാണോ നിയോഗിക്കുന്നതെന്ന് സര്‍വകലാശാലകള്‍ ഉറപ്പുവരുത്തണമെന്നും ശുപാര്‍ശയുണ്ട്. അധ്യയനത്തിന്റെ ഗുണനിലവാരത്തില്‍ ഒരു നിയന്ത്രണവുമില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഒരു പരിധിവരെ അതുണ്ടാക്കാന്‍ ഈ നടപടികള്‍ പ്രയോജനപ്പെടും. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്ന ശുപാര്‍ശയുമുണ്ട്. കടുത്ത തൊഴില്‍ ചൂഷണം നിലനില്‍ക്കുന്ന ഈ മേഖലയില്‍ തൊഴില്‍ നീതി ഉറപ്പുവരുത്തണമെന്ന ആവശ്യം ഒരുപാടു കാലമായി ഉയരുന്നതാണ്. കോളജുകളില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നതടക്കം സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ സ്വഭാവം തന്നെ അടിമുടി അഴിച്ചുപണിയാനുതകുന്ന പ്രധാനപ്പെട്ട മറ്റു ചില ശുപാര്‍ശകളും കമ്മിഷന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ കൊള്ളയും ജനാധിപത്യവിരുദ്ധതയും പരിധിവിട്ടപ്പോള്‍ കേരള ജനതയില്‍ നിന്ന് ശക്തമായി പ്രതിഷേധസ്വരമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമമുണ്ടാക്കുന്നതിനു മുന്നോടിയായാണ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ദിനേശന്‍ കമ്മിഷനെ നിയോഗിച്ചത്. ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വളരെ വിശദമായൊരു പഠനം തന്നെ കമ്മിഷന്‍ നടത്തിയിട്ടുണ്ടെന്നാണ് ശുപാര്‍ശകളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനനുസൃതമായ നിയമനിര്‍മാണമാണ് ഇനി അടുത്ത ഘട്ടം. അതത്ര എളുപ്പമാവാനിടയില്ല. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാലയങ്ങള്‍ നടത്തുന്നവരിലധികവും വന്‍ സാമ്പത്തിക ശക്തിയുള്ളവരാണ്. രാഷ്ട്രീയ, സാമുദായിക മേഖലകളിലും അവര്‍ക്ക് ഒട്ടും ചെറുതല്ലാത്ത സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ അവരെ തൊട്ടുകളിക്കാന്‍ മുതിര്‍ന്നാല്‍ രാഷ്ട്രീയവും സാമ്പത്തികവും സാമുദായികവുമൊക്കെയായ വന്‍ സമ്മര്‍ദങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ശക്തമായ നിയമമുണ്ടാക്കാനുള്ള ഇച്ഛാശക്തിയാണ് സംസ്ഥാന ഭരണകൂടത്തില്‍ നിന്ന് കേരളജനത പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."