അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ കല്ലിക്കട കോളനിയെ ഉള്‍പ്പെടുത്തി
പൊന്നാനി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോളനികളുടെ നവീകരണത്തിനായുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ കല്ലിക്കട കോളനിയെ ഉള്‍പ്പെടുത്തി. 2016-17 വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിക്ക് നാല്‍പതോ അതിലധികമോ കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി കോളനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥലം എം.എല്‍.എയും സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനാണ് കല്ലിക്കട കോളനിയെ പദ്ധതിക്ക് വേണ്ടി നിര്‍ദേശിച്ചത്. കോളനിയുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലയിലെ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിനായി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദേശ പ്രകാരം കോളനിയില്‍ പ്രാഥമിക സര്‍വേ നടത്തി. ഇതേ തുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രമോട്ടര്‍മാര്‍ സമര്‍പ്പിക്കുകയും ചെയ്തു. കോളനിയിലെ റോഡ്, അങ്കണവാടി, വീട് റിപ്പയര്‍, വായനശാല, വീട് വയറിംഗ്, കിണര്‍, ടോയ്‌ലറ്റ്, ഭവനം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, കമ്യൂണിറ്റി ഹാള്‍, പി.എസ്.സി കോച്ചിംഗ് സെന്റര്‍, തീരദേശം കെട്ടി സംരക്ഷിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍വേയിലൂടെ ലഭിച്ചത്.
സ്പീക്കറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങളുടേയും സംയുക്ത യോഗം ചേരും. കരട് കര്‍മ പദ്ധതികള്‍ വിലയിരുത്തി മുന്‍ഗണനാക്രമം നിശ്ചയിക്കും. പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ബന്ധപ്പെട്ട ഏജന്‍സി തയാറാക്കി അടുത്ത യോഗം ചേര്‍ന്ന് അന്തിമ കര്‍മ്മ പരിപാടിക്ക് രൂപം നല്‍കും. പിന്നീട് കര്‍മപരിപാടിയുടെ പ്രൊജക്ട്, വിശദമായ എസ്റ്റിമേറ്റ്, എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് എന്നിവ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന് അംഗീകാരം ലഭിക്കുന്ന മുറക്ക് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."