വിദ്യാഭ്യാസവകുപ്പിലെ കാവിവല്‍ക്കരണം; മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്
മലപ്പുറം: സി.പി.എം ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെയുള്ള വിദ്യാഭ്യാസവകുപ്പിലെ കാവിവല്‍ക്കരണത്തിനെതിരേ ബഹുജനസംഘടനകളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് വിദ്യഭ്യാസസ്ഥാപനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണിതെന്ന് യോഗം വിലയിരുത്തി. ഇടതുസര്‍ക്കാരിന്റെ ഫാസിസ്റ്റ് അനുകൂലനിലപാടുകള്‍ ജനം തിരിച്ചറിയുന്നതാണെന്നും ഫാസിസ്റ്റുകള്‍ക്ക് തന്നിഷ്ടപ്രകാരം അഴിഞ്ഞാടാനുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള സര്‍ക്കാര്‍ശ്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വംകൊടുക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ഭാരവാഹികളായ കെ.കുട്ടിഅഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ജില്ലാ ജനറല്‍ അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവര്‍സംസാരിച്ചു. വിദ്യഭ്യാസ രംഗത്ത് കേരളസര്‍ക്കാരിന്റെ ഒത്താശയോടെ നടത്തുന്ന കാവിവല്‍ക്കരണത്തിനെതിരേ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പഞ്ചായത്ത് - മുനിസിപ്പല്‍ കേന്ദ്രങ്ങളിലെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുവാന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."