ഐ.എച്ച്.ആര്‍.ഡി സ്റ്റേജ് വിവാദം: ന്യായീകരണവുമായി എം.എല്‍.എ
താമരശ്ശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എച്ച്.ആര്‍.ഡി സ്റ്റേജ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് രംഗത്തെത്തി. കോരങ്ങാട് ഐ.എച്ച്.ആര്‍.ഡി കോളജില്‍ മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച സ്റ്റേജിന്റെ നിര്‍മാണത്തില്‍ അഴിമതി നടത്താന്‍ തനിക്കോ മുന്‍ എം.എല്‍.എക്കോ കഴിയില്ലെന്നും ഇ-ടെന്‍ഡര്‍ വഴി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും കാരാട്ട് റസാഖ് എം.എല്‍.എ മടവൂര്‍ പൈമ്പാലിശ്ശേരിയില്‍ പറഞ്ഞു. മടവൂരില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്താന്‍ കഴിയില്ലെന്ന എം.എല്‍.എയുടെ വെളിപ്പെടുത്തലോടെ കൊടുവള്ളി മണ്ഡലത്തില്‍ രാഷ്ട്രീയ പോര് നിറഞ്ഞുനിന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് അവസാനമാകും. അഴിമതി നടന്നുവെന്ന് ആരോപിച്ച് എല്‍.ഡി.എഫും പ്രതിരോധിച്ച് യു.ഡി.എഫും രംഗത്തു വന്നിരുന്നു. മുന്‍ എം.എല്‍.എയുടെ കാലത്തെ മുഴുവന്‍ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുമെന്ന് ഐ.എച്ച്.ആര്‍.ഡി കോളജ് സന്ദര്‍ശിച്ച വേളയില്‍ എം.എല്‍.എ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മണ്ഡലത്തിലുടനീളം വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് യു.ഡി.എഫും മുസ്‌ലിം ലീഗും നേതൃത്വം നല്‍കി വരുന്നതിനിടെയാണ് എം.എല്‍.എയുടെ ന്യായീകരണമെന്നത് ഏറെ ശ്രദ്ധേയമാണ്. വികസന കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത കാരാട്ട് റസാഖ് തനിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിക്കാനും മറന്നില്ല. എം.എല്‍.എയുടെ പ്രഖ്യാപനത്തോടെ ഇരുചേരികളിലെയും ഏറ്റുമുട്ടലുകള്‍ക്ക് വിരാമമാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."