സീതാംഗോളി ഐ.ടി.ഐ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി
ബദിയഡുക്ക: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ക്ലാസ് തുടങ്ങാത്ത ഐ.ടി.ഐ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. ഒരു കോടി രൂപ ചെലവില്‍ പുത്തിഗെ പഞ്ചായത്തിലെ എ.കെ.ജി നഗറില്‍ പണിത സീതാംഗോളി ഐ.ടി.ഐ കെട്ടിടത്തിലാണ് അസൗകര്യം മൂലം ക്ലാസ് തുടങ്ങാനാവാത്തത്. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവിട്ടു പണി തീര്‍ത്ത കെട്ടിടം 2016 ഫെബ്രുവരി 28നാണ് ഉദ്ഘാടനം ചെയ്തത്.
ഇപ്പോള്‍ പരിസരം കാടു മൂടി കിടക്കുകയാണ്. എ.കെ.ജി നഗറില്‍ നിന്നു 400 മീറ്റര്‍ ദൂരത്തെ വിജനമായ പ്രദേശത്തെ ഈ കെട്ടിടം മദ്യപന്മാരുടെയും സാമൂഹിക ദ്രോഹികളുടെയും തെരുവു പട്ടികളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. ഉള്‍പ്രദേശത്തായതു കൊണ്ടു തന്നെ നാട്ടുകാരുടെയും നിയമ പാലകരുടെയും ശ്രദ്ധ ഇവിടെ പതിയുന്നുമില്ല. വെല്‍ഡിങ്, ഡി.സിവില്‍ കോഴ്‌സുകള്‍ക്കു വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ ഇതു രണ്ടും നടത്താന്‍ സൗകര്യമില്ല. ഇവിടെ ത്രീഫേസ് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. വെല്‍ഡിങ് കോഴ്‌സ് പഠനത്തിന് ത്രീഫേസ് ലൈന്‍ വൈദ്യുതി അത്യാവശ്യമാണ്.
പ്രാക്ടിക്കല്‍ ക്ലാസ് നടത്തണമെങ്കില്‍ വേറെ കെട്ടിടവും വേണം. 2011ല്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയായിരിക്കെയാണു സീതാംഗോളിയില്‍ ഐ.ടി.ഐ അനുവദിച്ചത്. സീതാംഗോളിയില്‍ കെട്ടിട സൗകര്യമില്ലാത്തതിനാല്‍ ഇവിടെ നിന്നു പത്തു കിലോമീറ്റര്‍ ദൂരമുള്ള ബാഡൂരിലെ ദിനേശ് ബീഡി കെട്ടിടത്തിലാണ് ഐ.ടി.ഐ തുടങ്ങിയത്. സിവില്‍ കോഴ്‌സ് സമീപത്തെ പുത്തിഗെ ലൈബ്രറി കെട്ടിടത്തിലുമാണ് നടക്കുന്നത്. ത്രീഫേസ് സൗകര്യമോ ഇതിന് ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറോ ഇവിടെ ഇല്ല.
ഇവിടെ നിന്നു പുതിയ കെട്ടിടത്തിലേക്കു സിവില്‍ കോഴ്‌സ് മാത്രം മാറ്റാനാവുമെങ്കിലും വെല്‍ഡിങ് കോഴ്‌സ് മാറ്റാനാവാത്തതിനാല്‍ രണ്ടും പഴയ കെട്ടിടത്തില്‍ തന്നെ തുടരുന്നു. പുതിയ കെട്ടിടത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരത്താണ് നിലവില്‍ കോഴ്‌സ് നടക്കുന്ന കെട്ടിടമുളളത്. രണ്ടു കോഴ്‌സ് രണ്ട് സ്ഥലത്തു നടത്തിയാല്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനും അധ്യാപകര്‍ക്ക് എത്തിച്ചേരാനും പറ്റാത്ത അവസ്ഥയുമാണ്.
ബാഡൂര്‍ ഗ്രാമാന്തര പ്രദേശമായതിനാല്‍ ഇവിടെ എത്താന്‍ മതിയായ യാത്രാസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഐ.ടി.ഐയില്‍ ചേരാന്‍ മടിക്കുകയാണ്.
പുതിയ കെട്ടിടത്തിനു സമീപം വെല്‍ഡിങ് കോഴ്‌സിനു മറ്റൊരു കെട്ടിടം പണിയുന്നതിനും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും ഐ.ടി.ഐ വകുപ്പ് തലത്തിലും എം.എല്‍.എ മുഖാന്തരവും ശ്രമം നടത്തുകയാണ് അധികൃതര്‍.
ത്രീഫേസ് കണക്ഷനു ഫണ്ട് ലഭ്യമായതിനാല്‍ ത്രീഫേസ് ലൈന്‍ കണക്ഷന്‍ ഉടന്‍ ലഭ്യമാക്കും.
രണ്ടര കോടി രൂപയുടെ മറ്റൊരു കെട്ടിടത്തിനുള്ള പദ്ധതിയാണ് ഐ.ടി.ഐ ബന്ധപ്പെട്ട വകുപ്പിനു സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."