ജീപ്പിന് കൈകാണിച്ച വൃദ്ധനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി
തൊടുപുഴ: ഓട്ടോറിക്ഷയാണെന്നു തെറ്റിദ്ധരിച്ച് പൊലിസ് ജീപ്പിന് കൈകാണിച്ച വൃദ്ധനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. മണക്കാട് കുന്നത്തുപ്പാറ മാടശേരിയില്‍ മാധവനെയാണ് (60) പൊലിസ് ക്രൂരമായി മര്‍ദ്ദിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി 7.20ന് തൊടുപുഴ സഹകരണ ആശുപത്രിയ്ക്ക് മുന്നിലാണ് സംഭവം.
ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങും വഴി ഓട്ടോറിക്ഷയാണെന്ന് തെറ്റിദ്ധരിച്ച് പൊലിസ് ജീപ്പിന് കൈകാണിച്ച മദ്ധ്യവയസ്‌കനെയാണ് മര്‍ദ്ദിച്ചത്. പ്രമേഹരോഗിയായ മാധവന്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി റോഡിലേക്കിറങ്ങിയപ്പോള്‍ ദൂരെ നിന്ന് വാഹനത്തിന്റെ വെളിച്ചം കണ്ടു. അങ്കംവെട്ടിക്ക് പോവുന്ന ട്രിപ്പ് ഓട്ടോറിക്ഷയാകുമെന്ന് കരുതിയാണു കൈകാണിച്ചത്. അടുത്ത് വന്നപ്പോഴാണ് പൊലിസ് ജീപ്പാണെന്ന് മനസിലായത്.
ഇരുട്ടായതിനാല്‍ അബദ്ധം പറ്റിയതാണെന്ന് മാധവന്‍ പറഞ്ഞു. എന്നാല്‍ അസഭ്യവര്‍ഷത്തോടെ പൊലിസ് മാധവനെ ജീപ്പില്‍ പിടിച്ചു കയറ്റി. യൂനിഫോം ധരിക്കാത്ത ഉദ്യോഗസ്ഥന്‍ ഇതിനിടെ വയറിനടിയില്‍ മര്‍ദ്ദിച്ചെന്ന് മാധവന്‍ പറഞ്ഞു. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനിലെത്തിച്ച ശേഷവും മര്‍ദ്ദിച്ചു. കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ പൊലിസ് അപഹരിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനത്തില്‍ മാധവന്റെ കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ട്. അതേസമയം, സിവില്‍ സ്‌റ്റേഷന് മുന്നില്‍ വച്ച് മോശമായി പെരുമാറിയതിന് മാധവനെതിരേ കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴ എസ്.ഐ വിഷ്ണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."