വ്യാജ ഭൂരേഖാ മാഫിയ സജീവം; ബാങ്കുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ വ്യാജ ഭൂരേഖാ മാഫിയ സജീവം. ഉടുമ്പന്‍ചോല താലൂക്കിലാണ് കരംകെട്ടിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്തിയത്. കട്ടപ്പനയിലെയും നെടുങ്കണ്ടത്തെയും ബാങ്കുകളില്‍ പണം ഇടപാടിനായി ഹാജരാക്കിയ വ്യാജരേഖയാണ് റവന്യുവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
കരുണാപുരം വില്ലേജില്‍ നിന്നും ലഭിച്ചത് എന്ന വ്യാജേനയാണ് അഞ്ച് കരംകെട്ടിയ രസീതും ഓരോ ലൊക്കേഷന്‍ സ്‌കെച്ചും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പിന്റെ വിശദവിവരം ഇങ്ങനെ: കരുണാപുരം കുഴിത്തൊളു സ്വദേശി ഡെന്നി ജോസഫ് കലവനാലിന്റെ പേരില്‍ 2017 ജൂണ്‍ 16ന് 45873 ബുക്ക് നമ്പറില്‍ 4587259 രസീത് പ്രകാരം കരുണാപുരം വില്ലേജില്‍ 1520 തണ്ടപ്പേരില്‍ സര്‍വ്വേ നമ്പര്‍ 67 1ല്‍ 17.1700 എന്ന വസ്തുവിന് 8585 രൂപ കരം ഒടുക്കിയെന്ന് കാട്ടിയുള്ള കരം അടച്ച രസീതാണ് ഒരെണ്ണം. കരുണാപുരം വില്ലേജില്‍ 45873 ബുക്ക് പ്രകാരം 2017 ജൂണ്‍ മാസത്തില്‍ 671 എന്ന സര്‍വ്വേ നമ്പര്‍ പ്രകാരം കുഴിത്തൊളു തുരുത്തേല്‍ സുരേഷ്, കുഴിത്തൊളു കലവനാല്‍ ബിന്ദു, കലവനാല്‍ ജോസഫ്, തുരുത്തേല്‍ ഗീത സുരേഷ് എന്നിവരുടെ പേരുകളില്‍ കരം തീര്‍ത്ത രസീത് വ്യാജമായി ഉണ്ടാക്കി.
വായ്പയെടുക്കുന്നതിന് വേണ്ടി ബാങ്കുകളില്‍ സമര്‍പ്പിച്ച ഈ കരംകെട്ടിയ രസീതുകളെക്കുറിച്ച് റവന്യൂവകുപ്പ് രഹസ്യമായി നടത്തിയ അന്വേഷണം ഞെട്ടിക്കുന്നതായിരുന്നു.
കരുണാപുരം വില്ലേജില്‍ കരം അടച്ചതെന്ന് പറഞ്ഞ് ബാങ്കില്‍ സമര്‍പ്പിച്ച കരം കെട്ടിയ രസീതിലെ 45873ാം നമ്പര്‍ ബുക്ക് ഇടുക്കി കലക്ടേറ്റില്‍ നിന്നും പാറത്തോട് വില്ലേജിന് അനുവദിച്ചതായിരുന്നു.
ഈ വിവരം പാറത്തോട് വില്ലേജ് ഓഫീസില്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാജമായി തയ്യാറാക്കിയ കരം അടച്ച അതേ രസീത് നമ്പരുകളില്‍ വെവ്വേറെ ആളുകള്‍ കരം അടച്ചതായി കണ്ടെത്തി.
പാറത്തോട് വില്ലേജിലെ രേഖയില്‍ കരം അടച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ: 4587259 എന്ന രസീത് നമ്പര്‍ മുതല്‍ 4587263 വരെയുള്ള നമ്പരുകളില്‍ നെടുങ്കണ്ടം സ്വദേശി ഷാജി, കൊന്നത്തടി സ്വദേശി സുധാമണി, തൂക്കുപാലം സ്വദേശി രാജു, കട്ടപ്പന കുന്തളംപാറ സ്വദേശി സുമേഷ്, തൂക്കുപാലം കുന്നേല്‍ രാജു എന്നിവരാണ്. പാറത്തോട് വില്ലേജില്‍ കരം അടച്ചതിന്റെ നമ്പര്‍ ഉപയോഗിച്ച് കരുണാപുരം വില്ലേജിന്റേത് എന്ന പേരില്‍ വ്യാജ കരം കെട്ടിയ രസീത് ഉണ്ടാക്കുകയായിരുന്നു. വ്യാജ കരംകെട്ടിയ രസീതില്‍ പറഞ്ഞിരിക്കുന്ന പേരുകാരാണോ മറ്റേതെങ്കിലും വ്യക്തികളാണോ വ്യാജ കരംകെട്ടിയ രസീത് ഉണ്ടാക്കിയത് എന്ന് കണ്ടെത്തിയിട്ടില്ല.
ഇത് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. കരംകെട്ടിയ രസീത് മാത്രമല്ല വ്യാജ പട്ടയങ്ങളും ബാങ്കിലെത്തിയിരിക്കണം. വ്യാജ കരംകെട്ടിയ രസീത് ഉപയോഗിച്ച് കാര്‍ഷികാവശ്യത്തിനുള്ള സ്വര്‍ണപ്പണയ വായ്പ തരപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്തരത്തില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെ ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."