പെപ്പര്‍ ടൂറിസം: പ്രത്യേക ഗ്രാമസഭ ചേര്‍ന്നു
വൈക്കം: സംസ്ഥാന ടൂറിസം മിഷന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെപ്പര്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉദയനാപുരം പഞ്ചായത്ത് സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ ചേര്‍ന്നു. പെപ്പര്‍ ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് രാജ്യത്ത് ചേരുന്ന ആദ്യ പഞ്ചായത്ത് ടൂറിസം ഗ്രാമസഭയാണ് ഉദയനാപുരത്ത് ചേര്‍ന്നത്.
ഈ അര്‍ത്ഥത്തില്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഗ്രാമസഭയാണ് ഇതെന്ന് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ ആശ എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷനായി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ടൂറിസം റിസോഴ്‌സ് മാപ്പിംഗ്, ടൂറിസം അടിസ്ഥാന സൗകര്യവികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, പരമ്പരാഗത തൊഴില്‍മേഖലയും ടൂറിസവും, കലകള്‍, ഉത്സവങ്ങള്‍-ടൂര്‍ പാക്കേജുകള്‍, കുടുംബശ്രീ ടൂറിസം സംയുക്ത പദ്ധതികള്‍ എന്നീ ആറ് വിഷയമേഖലകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പ് ചര്‍ച്ച നടന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ജലഗതാഗതം സുഗമമാക്കുക, കയര്‍-മത്സ്യബന്ധനം, കക്കാവാരല്‍, മണ്‍പാത്രം, തഴപ്പാ, ഓലമെടയല്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പാക്കേജുകള്‍, കൃഷി, ക്ഷീരഗ്രാമം, മത്സ്യസമൃദ്ധി പദ്ധതികള്‍ കേന്ദ്രീകരിച്ചുള്ള ഫാം-ഇക്കോടൂറിസം, പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍, മൈലാടിത്തുരുത്ത്-ഇത്തിപ്പുഴ-വേമ്പനാട്ടുകായല്‍-മുണ്ടാര്‍ ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയിലുയര്‍ന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീരിച്ച് വിശദമായ പ്രോജക്ടുകള്‍ തയ്യാറാക്കി ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറുന്നതിന് തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമോള്‍, അനിജി പ്രസാദ്, പി.എസ് മോഹനന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍മാസ്റ്റര്‍, ഷീല ശശിധരന്‍, പി.ഡി ജോര്‍ജ്ജ്, ഗീത ഷാജി, ഗിരിജാ പുഷ്‌ക്കരന്‍, ഡി.സുനില്‍കുമാര്‍, ജമീല നടരാജന്‍, ആര്‍.രശ്മി, കെ.എസ് സജീവ്, മായാ ഷിബു, ശശികല എം.വി, ജയ ഷാജി, ഉത്തരവാദിത്തമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഭഗത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."