ഓഫിസില്‍നിന്നും കടത്താന്‍ ശ്രമിച്ച രേഖകള്‍ പിടിച്ചെടുത്തു സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണസംഘം പിരിച്ചുവിട്ടു
തിരുവനന്തപുരം: കോടികളുടെ വെട്ടിപ്പ് നടന്ന സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണ സംഘം പിരിച്ചുവിട്ടു. പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ നിന്ന് 7.5 കോടി രൂപ വെട്ടിച്ചുവെന്നാണ് പ്രാഥമിക കണക്ക്.
സൊസൈറ്റി സെക്രട്ടറി ചന്ദനം രവി എന്ന രവീന്ദ്രനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഘത്തിന്റെ പേരില്‍ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേറ്റ് ഇടപാടിലും രേഖകളില്ലാതെയാണ് കോടികള്‍ കൊള്ളയടിച്ചത്.
1980 മുതല്‍ കോണ്‍ഗ്രസ് സംഘടനയാണ് സംഘത്തിന്റെ ഭരണം കൈയാളുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരല്ലാത്തവര്‍ക്കും ഇവിടെ അംഗത്വം നല്‍കി കോടികള്‍ വായ്പ നല്‍കുകയും അത് കിട്ടാക്കടമായി എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ഒ ജോസഫ് ഹൗസിങ്ങ് സൊസൈറ്റിയുടെ സെക്രട്ടറിയായിരിക്കെ പാപ്പനംകോട്ട് ഭൂമി വാങ്ങിയതിലും വന്‍ വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെ സഹകരണ സംഘത്തിന്റെ ഓഫിസില്‍ നിന്ന് കടത്താന്‍ ശ്രമിച്ചത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എംപ്‌ളോയീസ് സഹകരണ സംഘം പ്രവര്‍ത്തകര്‍ തടഞ്ഞു.
തുടര്‍ന്ന് വാഹനവും രേഖകളും പൊലിസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് സംഘത്തിന്റെ വാനില്‍ 40 രജിസ്റ്ററുകള്‍ കടത്താന്‍ ശ്രമിച്ചത്. കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷന് തൊട്ടടുത്ത് അസോസിയേഷന്റെ ഓഫിസിനോട് ചേര്‍ന്നുള്ള സംഘത്തിന്റെ പഴയ ഓഫിസില്‍ നിന്ന് രേഖകള്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."