ഗുജറാത്തില്‍ വിശാലസഖ്യത്തിനുള്ള കോണ്‍ഗ്രസ് നീക്കം സജീവം
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലമതേതരമുന്നണി രൂപീകരണത്തിന് ശക്തമായ നീക്കം തുടങ്ങി.
ദലിത്- പട്ടേല്‍ സമുദായ വിഭാഗങ്ങള്‍ക്കൊപ്പം എസ്.പി, ജെ.ഡി.യു (ശരത് യാദവ് വിഭാഗം), എന്‍.സി.പി തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിലുണ്ടാകും.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശരത് യാദവ് ഇന്നലെ അറിയിച്ചു. സഖ്യംസംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തി മുന്നോട്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സീറ്റ് പങ്കിടല്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഗുജറാത്തില്‍ ജെ.ഡി.യുവിന് ഒരു എം.എല്‍.എയുണ്ട്. ബിഹാറില്‍ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബി.ജെ.പി മുന്നണിയിലേക്കു പോയതോടെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഗുജറാത്തിലെ പാര്‍ട്ടി എം.എല്‍.എ ചോട്ടുഭായ് വാസവ, രാജ്യസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയായിരുന്നു പിന്തുണച്ചിരുന്നത്.
എസ്.പി- കോണ്‍ഗ്രസ് സഖ്യംസംബന്ധിച്ചു ധാരണയായിട്ടില്ലെങ്കിലും ചര്‍ച്ച അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് അഞ്ചുസീറ്റുകളില്‍ മല്‍സരിക്കുമെന്ന് എസ്.പി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ സഖ്യത്തിനു തയാറാണെന്ന് എസ്.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്ര യാദവ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.പി 80 സീറ്റുകളില്‍ മല്‍സരിച്ചിരുന്നുവെങ്കിലും ഒരിടത്തും ജയിച്ചിരുന്നില്ല. എസ്.പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചനടത്തിയ ശേഷമാകും സഖ്യംസംബന്ധിച്ച അന്തിമതീരുമാനമുണ്ടാവുക. എന്‍.സി.പിയും സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."