ദലിത് പെണ്‍കുട്ടികളുടെ പീഡനം; പ്രതി അറസ്റ്റില്‍
പാലക്കാട്: പന്ത്രണ്ട് വയസുള്ള ദലിത് പെണ്‍കുട്ടിയേയും രണ്ട് സഹോദരിമാരേയും മദ്യം നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കഞ്ചിക്കോട് സത്രപടി പ്രസാദ്(50) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇയാളെ കസബ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രസാദിന്റെ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയേയും മൂത്ത സഹോദരിയേയും പൊലിസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയെ മലമ്പുഴ മഹിളാ മന്ദരിത്തിലേക്ക് അയച്ചു. ഒരേ വീട്ടിലെ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാകുന്ന വിവരം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രസാദ് പീഡനത്തിന് ഇരയാക്കിയ പതിനേഴുകാരി രണ്ട് വര്‍ഷം മുമ്പ് തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പതിനാല് വയസ് മുതലെ പ്രസാദിന്റൈ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പതിനഞ്ചാം വയസിലാണ് പ്രസവിച്ചത്. പ്രസാദിന്റെ മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് പോയതിനെ തുടര്‍ന്നുള്ള പരിചയമാണ് പീഡനത്തില്‍ കലാശിച്ചത്.
പതിനാലുകാരി പീഡനത്തിന് വിധേയമായി ഗര്‍ഭിണിയായതും പരിസരവാസികളും പഞ്ചായത്ത് അംഗവും അങ്കണവാടി ടീച്ചര്‍മാരുള്‍പ്പടെ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചു വെക്കുകയായിരുന്നു.
പതിനാലുകാരി പീഡനത്തിന് വിധേയമായി പ്രസവിച്ച സംഭവം ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നതും പരാതി നല്‍കാതിരുന്നതും വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതു കൊണ്ടൊണെന്നാണ് ഇവരുടെ വിശദീകരണം.
പ്രസാദ് നേരത്തെ വിവാഹം ചെയ്തു മുതിര്‍ന്ന രണ്ട് മക്കളുള്ളയാളാണ്. പീഡനത്തിന് ഇരയായി പ്രസവിച്ച പെണ്‍ക്കുട്ടിയെ ആറു മാസം മുമ്പ് ചാവടിയെന്ന സ്ഥലത്ത് വീട് വാടകക്ക് എടുത്ത് അവിടേക്ക് ഇയാള്‍ മാറ്റിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി താഴെയുള്ള മറ്റ് പെണ്‍കുട്ടികളേയും ഉപദ്രവിക്കുമായിരുന്നു. കഞ്ചിക്കോട് സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീടിനടുത്തുള്ള അങ്കണവാടിയില്‍ നടത്തിയ കൗണ്‍സിലിങ്ങിലും കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.
വളരെ ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബമാണ് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ വീടിന് മേല്‍ക്കൂര ഇല്ല. ഇടിഞ്ഞ് വീഴാറായ ചുവരാണ് വീടെന്ന നിലയില്‍ ഉള്ളത്.
ഇതിനകത്തെ മഴ പെയ്ത് ചെടികളും മറ്റും വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ചുമരിന് വാതിലുകളും ഇല്ല. രാത്രി എല്ലാവരും കൂടി സമീപത്ത് തന്നെയുള്ള കോണ്‍ക്രീറ്റ് ചെയ്ത ചെറിയ റോഡിലാണ് കിടക്കുന്നത്. മഴ പെയ്താല്‍ തുണിയും മറ്റും സൂക്ഷിച്ച കൂരയില്‍ കയറി കിടക്കും.
കുട്ടികളുടെ അച്ഛന്‍ സ്ഥിരം മദ്യപാനിയും പ്രത്യേകിച്ച് ജോലിക്ക് ഒന്നും പോകാത്തയാളാണ്. അമ്മ വല്ലപ്പോഴും കൂലിപ്പണിക്ക് പോകുന്നതാണ് കുടുംബത്തിന്റെ ഏകവരുമാനം. ഈ ദാരിദ്ര്യം ചൂഷണം ചെയ്താണ് നാട്ടുകാരനായ പ്രതി ഇവരെ പീഡിപ്പിച്ചിരുന്നത്. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലുമായി വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആദ്യം പതിമൂന്നുകാരിയും നാല്‍പ്പത് ദിവസത്തിന് ശേഷം ഒന്‍പത് വയസുള്ള അനിയത്തിയേയും ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."