അട്ടപ്പാടിയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സൗകര്യം വേണം: നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ പ്രത്യേക പദ്ധതി ആവശ്യമാണെന്ന് നിയമസഭാ എസ്റ്റിമെറ്റ് കമ്മിറ്റി വിലയിരുത്തി. അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ അഗളി കിലയില്‍ എസ്. ശര്‍മ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിരീക്ഷണം.
നിലവില്‍ അട്ടപ്പാടിയില്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. മെഡിക്കല്‍-എന്‍ജിനിയറിങ്, പി.എസ്.സി പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങാന്‍ സര്‍ക്കാറിന് ശുപാര്‍ശ ചെയ്യും. ആദിവാസി മേഖലയിലെ ഗര്‍ഭിണികളുടെ ആരോഗ്യകാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം.
ഗര്‍ഭിണികളിലും നവജാത ശിശുക്കളിലും പോഷകാഹാരകുറവില്ലെന്ന് ഉറപ്പുവരുത്തണം. കമ്മ്യൂനിറ്റി കിച്ചണുകള്‍ ഐ.സി.ഡി.എസ് വഴി വിതരണം ചെയ്യുന്ന പോഷകാഹാരം തുടര്‍ന്നും നല്‍കണം.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ലഹരി ഉപയോഗം അവസാനിപ്പിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. കുടിവെള്ള വിതരണത്തിന് ജലനിധി നടപ്പിലാക്കിയ 108 പദ്ധതികളില്‍ ഗുണഭോക്താക്കളായ ആദിവാസികളില്‍ നിന്നും തുക ഈടാക്കരുത്. പൊതുവിതരണ വകുപ്പും സപ്ലൈകോയും ആദിവാസികള്‍ ആവശ്യപ്പെടുന്ന അരി തന്നെ നല്‍കണം.
റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഉടന്‍ ആരംഭിക്കണം.
അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കാനായി ഒറ്റപ്പാലം സബ് കലക്റ്ററുടെ കീഴില്‍ നോഡല്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും നിയമസഭാ എസ്റ്റിമെറ്റ് കമ്മിറ്റി പറഞ്ഞു.
ഊരുകളിലെ വൈദ്യുതി വിതരണം, ശുചിമുറികളുടെ അവസ്ഥ, എസ്.ടി വിദ്യാര്‍ഥി ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം, വിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പുതുതായി തുടങ്ങേണ്ട പദ്ധതികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് സമിതി അംഗങ്ങള്‍ അഗളി ഭൂതിവഴി ഊര് സന്ദര്‍ശിച്ചു.
നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങളായ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ജി.എസ് ജയലാല്‍ എം.എല്‍.എ, ടി.വി. രാജേഷ് എം.എല്‍.എ, ഒറ്റപ്പാലം സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ്, നോഡല്‍ ഓഫിസര്‍ പി.ബി നൂഹ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."