മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ്: എംപിമാരുടെ സംഘം വിദേശകാര്യമന്ത്രിയെ കാണുമെന്നു കുഞ്ഞാലിക്കുട്ടി
മലപ്പുറം: റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസ് മലപ്പുറത്തുതന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാരുടെ സംഘം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ശേഷം സംഘം പ്രധാനമന്ത്രിയെ കണ്ടും പാസ്പോര്‍ട്ട് ഓഫിസ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടും. ഇതിനു മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ സേവ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് എന്ന പേരില്‍ ക്യാംപയിന് ആരംഭിച്ചതായും എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പാസ്പോര്‍ട്ട് ഓഫിസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മലപ്പുറത്തെ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസും അടച്ചുപൂട്ടുന്നത്.
ജില്ലക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഏക പാസ്പോര്‍ട്ട് ഓഫിസാണ് മലപ്പുറത്തേത്. ഓഫിസ് മാറ്റുന്നത് ഡല്‍ഹിയില്‍ നടന്ന പാസ്പോര്‍ട്ട് ഓഫിസര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
ഇവിടെ അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫിസറുടെ തസ്തികയിലുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടടക്കം മൂന്നുപേര്‍ വിരമിച്ചെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. ഒരുവര്‍ഷം മുന്‍പ് 49 പേര് ജോലി ചെയ്തിരുന്ന ഓഫിസിലിപ്പോള്‍ 45 പേര് മാത്രമാണുള്ളത്. ഇവരില്‍ 19 പേര് മലപ്പുറം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ്.ബാക്കിയുള്ള 24 പേരാണ് ഓഫിസിലുള്ളത്.
2006 ഒഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്പോര്‍്ട്ട് ഓഫിസ് സ്ഥാപിച്ചത്. ദിനംപ്രതി 1200 ഓളം അപേക്ഷകളാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്പോര്ട്ടുകള് വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."