കേരളത്തെ പുകഴ്ത്തി വീണ്ടും രാഷ്ട്രപതി; മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന്
തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഒന്നടങ്കം കേരളത്തെ കുറ്റപ്പെടുത്തുമ്പോള്‍ കേരളത്തെ പുകഴ്ത്തി വീണ്ടും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നുമാണ് രാഷ്ട്രതി പറഞ്ഞത്.
ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാം നാഥ് കോവിന്ദ്. നേരത്തെ കേരളത്തിലെത്തിയ വേളയിലും രാഷ്ട്രപതി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു.
രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു ഉച്ചയോടെ തലസ്ഥാനത്തെത്തിയത്. വൈകിട്ട് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം രാജ്ഭവനില്‍ തങ്ങും. നാളെ രാവിലെ 11ന് കൊച്ചിയില്‍ കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30നു ഡല്‍ഹിയിലേയ്ക്കു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."