കാറ്റലോണിയക്ക് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം
ബാഴ്‌സലോണ: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാറ്റലോണിയക്ക് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം. കാറ്റലോണിയന്‍ പാര്‍ലമെന്റാണ് സ്‌പെയിനില്‍നിന്ന് സ്വതന്ത്രമാകുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേന്ദ്ര ഭരണം ഏര്‍പ്പെടുത്താനുള്ള സ്‌പെയിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനിടെയാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
ഇന്നു ഉച്ചയ്ക്കു ശേഷം രഹസ്യമായി ചേര്‍ന്ന കാറ്റലോണിയന്‍ പാര്‍ലമെന്റാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്.
പാര്‍ലമെന്റില്‍ 70 പേര്‍ സ്വാതന്ത്രരാഷ്ട്ര പ്രഖ്യാപനത്തെ അനുകൂലിച്ചപ്പോള്‍ 10 പേര്‍ വിട്ടുനിന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
അതേസമയം, പ്രഖ്യാപനത്തിന് നിയമസാധുത ഇല്ലെന്ന് പറഞ്ഞ് സ്‌പെയിന്‍ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ കാറ്റലോണിയ ഭരണകൂടം നടത്തിയ ഹിതപരിശോധന ഫലത്തില്‍ സ്വതന്ത്ര രാഷ്ട്രമാകാന്‍ ജനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഭൂരിപക്ഷം പേരും സ്‌പെയിനില്‍ നിന്നും കാറ്റലോണിയയെ സ്വാതന്ത്ര്യമാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അന്നും സ്‌പെയിന്‍ ഇതിനെതിരേ രംഗത്തു വന്നിരുന്നു. അന്നു നടന്ന ജനഹിത പരിശോധന നിയമവിരുദ്ധമാണെന്നായിരുന്നു സ്‌പെയിനിന്റെ നിലപാട്.
ഇത്തവണത്തെ വോട്ടെടുപ്പ് അനുകൂലമായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാറ്റലോണിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ മാസങ്ങളായി കാറ്റലോണിയന്‍ ജനത തെരുവിലായിരുന്നു. കൂറ്റന്‍ റാലികളും പ്രകടനങ്ങളുമായി അവര്‍ തെരുവില്‍ അലമുറയിട്ടു. വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ പങ്കാളികളായത്.
കാറ്റലോണിയന്‍ ജനങ്ങളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ സ്‌പെയിന്‍ അടിച്ചമര്‍ത്തിയിരുന്നു. പൊലിസിനെ ഉപയോഗിച്ച് ലാത്തിവീശിയും ടിയര്‍ഗ്യാസ് പ്രയോഗിച്ചും സമരത്തെ എതിരിട്ടു. നിരവധി പ്രക്ഷോഭകാരികള്‍ക്ക് അന്ന് സമരത്തില്‍ പരുക്കേറ്റിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ആഹ്ലാദപ്രകടനങ്ങളുമായി ആയിരങ്ങളാണ് കാറ്റലോണിയന്‍ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."