മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനുവേണ്ടി കേരളത്തില്‍ ചാരന്മാര്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നീക്കങ്ങള്‍ തമിഴ്‌നാടിന് ചോര്‍ത്തിനല്‍കുന്നതിനായി ചാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചു.
ഹൈറേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജലവിഭവ വകുപ്പിന്റെ ഓഫിസില്‍ നിന്നാണ് വിവരങ്ങള്‍ ചോരുന്നതെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സന്ധിയില്ലാ പോരാട്ടം തുടരുന്നതിനിടെയാണ് സുപ്രധാന വിവരങ്ങള്‍ ചോരുന്നത്.
അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചെറിയ നീക്കങ്ങള്‍പോലും കൃത്യമായി തമിഴ്‌നാട് ക്യാംപിലെത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മേല്‍നോട്ട സമിതിയിലും ഉപസമിതി യോഗങ്ങളിലും കേരളം ഉന്നയിക്കുന്ന കാര്യങ്ങള്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ കൃത്യമായി പ്രതിരോധിക്കുന്നതില്‍ സംശയംതോന്നിയ സര്‍ക്കാര്‍, അന്വേഷിക്കാന്‍ ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു. സമിതികളുടെ പരിശോധന വൈകുന്നതുള്‍പ്പെടെ സുപ്രിംകോടതിയെ അറിയിക്കാനുള്ള കേരളത്തിന്റെ നീക്കവും തമിഴ്‌നാട് മണത്തറിഞ്ഞിരുന്നു.
ആറുമാസംനീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഹൈറേഞ്ചിലെ ജലവിഭവ വകുപ്പിന്റെ ഓഫിസിലാണ് ചാരന്‍മാരുള്ളതെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ കൃത്യമായ വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരെ സ്ഥലംമാറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ നിലവില്‍ കര്‍ശന നിരീക്ഷണത്തിലാണ്. തുലാമഴയില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകും.
കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ പരിശോധന നടത്തി ദിനംപ്രതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ഈ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്താനും തമിഴ്‌നാട് പദ്ധതിയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."