'ബ്ലൂവെയില്‍ ഗെയിം' ദേശീയ പ്രശ്‌നം ചാനലുകള്‍ ബോധവല്‍ക്കരണം നടത്തണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: വിവാദമായ ഓണ്‍ലൈന്‍ ഗെയിമായ 'ബ്ലൂ വെയിലി'നെതിരേ ജനങ്ങളെ പ്രത്യേകിച്ചും വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുന്നവിധത്തില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി ചാനലുകളോട് ആവശ്യപ്പെട്ടു. ഗെയിമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയാറാക്കണമെന്നും ചാനലിന്റെ പ്രൈം ടൈമില്‍ ഇവ സംപ്രേഷണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വീഡിയോ തയാറാക്കി സംപ്രേഷണം ചെയ്യാനാണ് നിര്‍ദ്ദേശം. 10 മിനുട്ടില്‍ കുറയാതെയുള്ള പരിപാടികളാണ് നിര്‍മ്മിക്കേണ്ടത്. കുട്ടികളെയും മാതാപിതാക്കളെയും വീഡിയോകളിലൂടെ ഗെയിമിന്റെ അപകടത്തെ കുറിച്ച് ബോധവാന്‍മാരാക്കാന്‍ കഴിയണം. സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ ദുരദര്‍ശനുപുറമെ സ്വകാര്യചാനലുകളോടും പരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാനവ വിഭവശേഷി മന്ത്രാലയം, ശിശുക്ഷേമ മന്ത്രാലയം, ഐ.ടി മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച് തിരക്കഥ തയാറാക്കി പരിപാടി അവതരിപ്പിക്കാനാണ് ഉത്തരവില്‍ പറയുന്നത്. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ അഭിഭാഷകന്‍ എന്‍.എസ് പൊന്നയ്യ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് ബ്ലൂവെയല്‍മൂലം 100 പേര്‍ ആത്മഹത്യ ചെയ്തുവെന്നും പൊന്നയ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ജീവന് ഭീഷണിയാവുന്ന എല്ലാം ഒഴിവാക്കണ്ടത് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ വിജയ് ഹന്‍സാരിയ, കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ എന്നിവര്‍ കോടതിയില്‍ ഹാജരായി. കേന്ദ്ര സര്‍ക്കാര്‍ ബ്ലൂവെയില്‍ ഗെയിം പോലെയുള്ള അപകടകാരികളായ ഗെയിമുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ക്ക് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പി.എസ് നരസിംഹ കോടതിയെ അറിയിച്ചു. ഇതിന്റെ മുന്നോടിയായി വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെ പ്രതികരണം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂ വെയിലിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."