കൊളീജിയം നടപടി വൈകുന്നു: സര്‍ക്കാരിനു സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള കൊളീജിയം സംവിധാനം നിലവില്‍വരുന്നതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസയച്ചു. അഭിഭാഷകനായ ആര്‍.കെ ലൂത്ര നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ എ.കെ ഗോയലും യു.യു ലളിതും അടങ്ങുന്ന രണ്ടംഗ സുപ്രിം കോടതി ബെഞ്ചിന്റെതാണ് നടപടി. കൊളീജിയം സംവിധാനം രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ മാര്‍ഖ രേഖയുടെ കരട് തയാറാക്കി കഴിഞ്ഞമാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം അയച്ചുകൊടുത്തിരുന്നു. കരടില്‍ ഒരുമാറ്റവും വരുത്തേണ്ടെന്നാണ് കൊളീജിയത്തിന്റെ നിലപാട്.
എന്നാല്‍, മാര്‍ഖ രേഖയുടെ കരടിന് അംഗീകാരം നല്‍കി അന്തിമരൂപം കൊളീജിയത്തിന് ഇതുവരെ സര്‍ക്കാര്‍ അയച്ചുകൊടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥിരം കൊളീജിയം വരുന്നതിനു മുന്‍പ് ഹൈക്കോടതികളിലും സുപ്രിം കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന്റെ സാധുത ചോദ്യംചെയ്താണ് ഹരജിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം 14ന് വീണ്ടും പരിഗണിക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് ഹാജരാകാനും സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. കെ.വി വിശ്വനാഥനെ അമികസ്‌ക്യൂറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
'രാജ്യസുരക്ഷ' ചൂണ്ടിക്കാട്ടി ജഡ്ജിയായി കൊളീജിയം ശുപാര്‍ശചെയ്യുന്ന ഏതുപേരും തള്ളാനുള്ള അധികാരമുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞമാര്‍ച്ചില്‍ സുപ്രിം കോടതി തള്ളിയിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നത് സ്ഥിരം സെക്രട്ടറിയേറ്റ് ആവശ്യമാണെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയതും ഏറ്റുമുട്ടല്‍ രൂക്ഷമാക്കി. എന്നാല്‍, പുതിയ ചീഫ്ജസ്റ്റിസായി ദീപക് മിശ്ര അധികാരത്തിലേറിയതോടെ ഏറ്റുമുട്ടലിനു അയവുവരികയും, ശുപാര്‍ശചെയ്യപ്പെടുന്ന ജഡ്ജിമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് സ്ഥിരം സെക്രട്ടറിയേറ്റ് വേണമെന്ന ആവശ്യം പരിഗണിക്കുകയുംചെയ്തു. കൊളീജിയം നിയമനം വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുന്‍ ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍, ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ സുപ്രിം കോടതിയില്‍ വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ജഡ്ജി നിയമനത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് കൊളീജിയം റദാക്കിക്കൊണ്ട് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍(എന്‍.ജെ.എ.സി) സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്രനിയമ മന്ത്രിയും ജുഡീഷ്യല്‍ പശ്ചാത്തലമുള്ള രണ്ടുപ്രമുഖരും അടങ്ങുന്നതായിരുന്നു എന്‍.ജെ.എ.സി. എന്നാല്‍ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2015 ഒക്ടോബറില്‍ സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് എന്‍.ജെ.എ.സി റദാക്കി പകരം പഴയ കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയായിരുന്നു. കൊളീജിയം പുനഃസ്ഥാപിച്ചെങ്കിലും അതില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പരിഷ്‌കരണത്തിനായി കരട് തയാറാക്കാന്‍ സര്‍ക്കാര്‍ കൊളീജിയത്തെ ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."