ഹാദിയയുടെ കണ്ണീരിന് ആരാണ് ഉത്തരവാദി
തന്റെ ജീവന് പിതാവില്‍നിന്ന് തന്നെ ഭീഷണി ഉയര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ രാഹുല്‍ ഈശ്വര്‍ പുറത്ത് കൊണ്ടുവന്നിട്ടും സാംസ്‌കാരിക കേരളവും പൊലിസും തുടരുന്ന മൗനം അറപ്പുളവാക്കുന്ന വിചാര ജീര്‍ണതയാണ്.
എന്താണ് ഹാദിയ ചെയ്ത തെറ്റ്? തനിക്ക് ഇഷ്ടമുള്ള ആളെ സ്‌നേഹിച്ചു. തനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസം കൈകൊണ്ടു. ഈ സ്വാതന്ത്ര്യം ഇന്ത്യയിലെ ഏത് ഭരണ ഘടനാ വകുപ്പാണ് നിഷേധിക്കുന്നത്. എങ്ങനെയാണ് ഒരു കോടതിക്ക് ഈ മനുഷ്യാവകാശത്തില്‍ തടസ്സം സൃഷ്ടിക്കാന്‍ സാധിക്കുക. ഒരഖില ഇസ്‌ലാമിലെത്തിയാല്‍ ആര്‍ക്കാണ് ഇവിടെ പൊള്ളുന്നത്. എന്താണതിന് കാരണം. ഈ വികാര വൈകൃതത്തെ എന്തു മാത്രം വിശേഷിപ്പിച്ചാല്‍ മതിയാവുമോ.
അഖിലക്ക് ഹാദിയ ആകാനും ഹാദിയക്ക് അഖിലയാവാനും ഉള്ള അവകാശത്തെ അപമാനിക്കുന്ന അവസ്ഥ അപകടകരം മാത്രമല്ല അപലപനീയവുമാണ്.
കേരള സര്‍ക്കാര്‍ എ.കെ ആന്റണി പറഞ്ഞപോലെ ബി.ജെ.പിയെ വളര്‍ത്തുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. കേരള ഭരണമെന്ന തവളയുടെ കിണര്‍ തന്റെ വിശാല ലോകമെന്ന സിദ്ധാന്തത്തിന്റെ അതി ദയനീയതയാണിത് അടയാളപ്പെടുത്തുന്നത്. ധീരതയും സ്വാതന്ത്ര്യവും ഇല്ലാത്ത ഏതൊരാശയവും മാനവ സമൂഹത്തിന് അപമാനമാണ്.
മനുഷ്യര്‍ക്കാനന്ദം നല്‍കാവുന്നവനാണ് മഹാന്‍മാരെന്ന് കാള്‍മാക്‌സ് സിദ്ധാന്തിച്ചത് പിണറായി വായിക്കാനിടയുണ്ട്. ഹാദിയക്ക് ആനന്ദം നല്‍കുന്നതിന് പകരം വീട്ടില്‍ പൂട്ടിയിട്ട് മാനസിക ശാരീരിക പീഡനമേല്‍പ്പിക്കാന്‍ കാവല്‍ നില്‍ക്കുന്ന കാക്കിവേഷക്കാരുടെ മന്ത്രിയായാണ് താനെന്ന് ഏറെ നിന്ദ്യതയോടെമാത്രമേ പിണറായി വിജയന് ഓര്‍ക്കാന്‍ അവകാശമുള്ളൂ. അല്ലങ്കില്‍ ചരിത്രമങ്ങനെ കുറിച്ചിടാതെ വരില്ലന്നുറപ്പ്. കേരളം ജിഹാദികളുടെ താവളമായി വളരുന്നു എന്ന നെടുനീളന്‍ പ്രസ്താവനകള്‍ ദിനേന വര്‍ഗീയ ഭ്രാന്തന്‍മാര്‍ ഉയര്‍ത്തുന്നു. അങ്ങിങ്ങ് ചില മണ്ടശിരോമണികളെ പിടിച്ചുകാണിക്കുന്നു.
ഇഖ്‌വാനിസവും സലഫിസവും നിര്‍മിച്ചു നല്‍കുന്ന ഈ അല്‍പജ്ഞാനികളായ ചാവേറുകളെ നോക്കി ഒരു ജനതക്ക് മാര്‍ക്കിടുന്നതും ഒരു സമുദായത്തെയും ദര്‍ശനത്തെയും ഇകഴ്ത്താന്‍ശ്രമിക്കുന്നതും അപമാനമാണ്. അതോടപ്പം ഈ കൊടും ക്രൂരത ഇസ്‌ലാമിനോട് കാണിച്ച പുത്തന്‍വാദികള്‍ തെറ്റേറ്റ് പറഞ്ഞ് പൈതൃകമംഗീകരിച്ച് പാരമ്പര്യ മുസ്‌ലിം ധാരക്കൊപ്പം അണിചേരാന്‍ വൈകരുത്.
കഴിഞ്ഞ നൂറ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 25,000 ത്തില്‍ അധികം വര്‍ഗീയലഹളകള്‍ ഇന്ത്യയില്‍ ഉണ്ടായി. പത്ത് ലക്ഷത്തിലധികം മനുഷ്യര്‍ ഈ ലഹളകളില്‍ കൊല്ലപ്പെട്ടു. അതിന്റെ പല ഇരട്ടി പരുക്ക് പറ്റി. കോടിക്കണക്കായ രൂപയുടെ നഷ്ടം വേറെയും. ഈ കൊടും ചെയ്തികള്‍ സംഘടിപ്പിച്ചവര്‍ക്കെതിരില്‍ പ്രഥമ സ്ഥാനത്തുള്ളത് ഹിന്ദു വര്‍ഗീയതയുടെ രാഷ്ട്രീയ രൂപമായ ആര്‍.എസ്.എസും ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും വിശ്വ ഹിന്ദു പരിഷത്തുമൊക്കെയാണ്.
നമ്മുടെ പാര്‍ട്ടിക്ക് പതിനൊന്ന് കോടി അംഗത്വമുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഈ അംഗബലം ഗുജറാത്തിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്‌ലിം, ദലിത് വിഭാഗങ്ങളുടെ അവകാശ നിഷേധത്തിനും ഉപയോഗിച്ചു കാണുന്നത്. കേരള സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഗീയ വിഭാഗങ്ങള്‍ക്ക് സഹായം ചെയ്യുന്ന സമീപനങ്ങളാണ് സ്വീകരിച്ചു കാണുന്നത്.
ഹാദിയക്ക് എന്തുകൊണ്ട് മനുഷ്യാവകാശം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ചെയ്യുന്നില്ല. ഭരണഘടന അനുഛേദം 19-1 സംസാരത്തിനും ആശയവിനിമയത്തിനും പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. ഹാദിയക്ക് മിണ്ടാനവകാശമില്ല. ഉണ്ടെങ്കില്‍ തന്നെ അത് കരയാന്‍ മാത്രമായി പരിമിതപ്പെട്ടു. ആര്‍ട്ടിക്കിള്‍ 25 മനസ്സാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും അവകാശം നല്‍കുന്നു. ബഹുമാനപ്പെട്ട കോടതികള്‍ പോലും ഈ അവകാശം ഹാദിയക്ക് എന്ത്‌കൊണ്ട് നിഷേധിച്ചു എന്ന സംശയം അസ്ഥാനത്തല്ല.
സംസ്ഥാനത്ത് നിന്ന് മത ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഇരട്ട നീതിയാണന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് പൊലിസ് പരസ്യമായി വര്‍ഗീയ പക്ഷം ചേര്‍ന്നു കഴിഞ്ഞു. തൊടുപുഴയിലെ ഘര്‍വാപസിക്ക് നേരെ പൊലിസിന്റെ തലോടല്‍നയം ആശങ്കപ്പെടുത്തുന്നു. മതം മാറിയവരെ പിടിച്ചു കൊണ്ട് വന്ന് ഉരുട്ടിപാകമാക്കുന്ന ഈ ഭീകരകേന്ദ്രത്തിനെതിരില്‍ ശക്തമായ നടപടി പൊലിസ് തക്കസമയത്ത് സ്വീകരിച്ചില്ല. ബി.ജെ.പി യുവ നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ടടി കേസ് തേച്ചുമാച്ചു കളഞ്ഞു. മെഡിക്കല്‍ കോഴ പൊലിസ് തണലില്‍ ഏതാണ്ട് ആവിയായി ഒത്തുതീര്‍ന്ന മട്ടാണ്.
കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ജനരക്ഷായാത്ര വിജയിപ്പിച്ചത് പൊലിസാണ്. സകല വിധ ഒത്താശയും അകമ്പടിയും ഒരുക്കി ജാഥയെ രാജോജിതമാക്കി നടത്തിയത് കേരള പൊലിസ് നാട് നീളെ റോഡ് ഗതാഗതം ഉണ്ടാക്കിയിട്ട് ഒരു പെറ്റി കേസ് പോലും എടുത്തതായി അറിവില്ല.
സുന്നി പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലും മലപ്പുറത്തും കോഴിക്കോടും നടത്തിയ സമാധാന പരമായ ശരീഅത്ത് സംരക്ഷണ റാലി, റോഹിംഗ്യന്‍ ജാഥ എന്നിവക്കെതിരില്‍ പൊലിസ് ചുമത്തിയത് വലിയ ക്രിമിനല്‍ വകുപ്പുകള്‍. സംസ്ഥാനത്ത് ചെറിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉടനടി പള്ളികള്‍ അടച്ച് പൂട്ടി താക്കോലുമായി ആര്‍.ഡി.ഒമാര്‍ പോകുന്നു. പള്ളിക്കൂടങ്ങളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി കെങ്കേമമായി കൊണ്ടാടാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കുന്നു.
സ്മൃതി ഇറാനി അയച്ചുതന്നത് അയക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശദീകരണം. ഈ സര്‍ക്കുലര്‍ ചവറ്റു കൊട്ടയിലെറിയുമെന്ന നിലപാട് സ്വീകരിച്ച ബംഗാളിലെ മമത ബാനര്‍ജി മുന്‍ ആര്‍.എസ്.എസ് കാരിയായിരുന്നില്ലെന്ന ഗുണം എടുത്തുപറയേണ്ടതാണ്. അഖിലയും ആതിരയും ഒറ്റപ്പെട്ട സംഗതികളല്ല. ബോധപൂര്‍വം മാധ്യമ പട പടച്ചുവിട്ട വര്‍ഗീയ അജണ്ടയുടെ ഇരകളാണ്. എന്നാല്‍, മതേതര പക്ഷത്തുണ്ടാവുന്ന സര്‍ക്കാരുകളും ഏജന്‍സികളും നീതിയുടെ പക്ഷത്തുണ്ടായില്ല.
ലോക്‌നാഥ് ബെഹ്‌റ, നരേന്ദ്രമോദിയുടെ നോമിനിയാണന്ന വാര്‍ത്ത ഉണ്ടായിരുന്നു. ശ്രീവാസ്തവ പൊലിസ് തലപ്പത്ത് ഉപദേശകനായി എത്തിയത് യാദൃശ്ചികമാകാന്‍ ഇടയില്ല. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും കാവിവല്‍ക്കരിച്ചു.
ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ തനത് സംസ്‌കാര ശേഷിപ്പുകള്‍ അട്ടിമറിക്കാനും കേരളത്തില്‍ നീക്കങ്ങള്‍ തടയുന്നു. താജ്മഹല്‍ പോലും ഫാസിസം മുന്‍കൈവച്ചപ്പോള്‍ സംസ്ഥാനത്തെ സാംസ്‌കാരിക നായകരും ഇടത് ബുദ്ധി ജീവികളും നാവനക്കമോ പേനചലനമോ ഉണ്ടാക്കിയതുമില്ല.
സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ മുട്ടിലിഴയുന്ന ഇരട്ട ചങ്ക് കാരനെയാണ് കാണാനാവുന്നത്. ഹാദിയ വിഷയത്തില്‍ ഇടതുപക്ഷത്തു നിന്ന് യാതൊന്നും ഉയര്‍ന്ന് കണ്ടില്ല. ഇടതു പക്ഷകക്ഷികള്‍ ഈ ചര്‍ച്ചയിലൊക്കെ മിതത്വം സ്വീകരിച്ചു പോന്നു. ബി.ജെ.പി ചോര്‍ത്തുന്ന ഹിന്ദു വോട്ടുകള്‍ മതന്യൂനപക്ഷങ്ങളില്‍ നിന്ന് നികത്താനാവുമോ എന്ന ഗവേഷണത്തിനപ്പുറം നെഞ്ചു നിവര്‍ത്തി നിന്ന് സത്യം ഉദ്‌ഘോഷിക്കാന്‍ ഇടതു പക്ഷത്തിനായില്ല.
ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും ഹാദിയ എന്ന പേരില്‍ പെണ്‍കുട്ടിയുടെ രോദനം കേള്‍ക്കാന്‍ തയാറായില്ല.
ഹാദിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഞാനെന്ത് തെറ്റാണ് ചെയ്തത്?എന്ത്‌കൊണ്ട് എനിക്ക് തടവറ വിധിച്ചു?ഏത് നിയമമാണതിന് ഉണ്ടായിട്ടുള്ളത്? ആരാണിതിന്റെ തിരക്കഥ ഒരുക്കിയത്?ഈ ചോദ്യങ്ങള്‍ക്ക് കാലം ഉത്തരം പറയിപ്പിക്കാതിരിക്കില്ല. ചരിത്രവും മാപ്പ് തരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."