ഇരട്ട പൗരത്വം; ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രിയെ കോടതി അയോഗ്യനാക്കി
സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഇരട്ട പൗരത്വം നേടിയെന്ന പേരില്‍ ഉപപ്രധാനമന്ത്രിയെ കോടതി അയോഗ്യരാക്കി. ആസ്‌ത്രേലിയ ഹൈക്കോടതിയാണ് ഉപപ്രധാനമന്ത്രി ബാര്‍നബി ജോയ്‌സിനെ അയോഗ്യനാക്കി ഉത്തരവിട്ടത്. ജോയ്‌സിനു പുറമെ മറ്റു നാല് സെനറ്റര്‍മാരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ ഭരണഘടന പ്രകാരം ഇരട്ട പൗരത്വമുള്ളവര്‍ ജനപ്രതിനിധിയാകാന്‍ അയോഗ്യരാണ്. ആസ്‌ത്രേലിയന്‍ പൗരത്വത്തിനു പുറമെ ന്യൂസിലന്‍ഡിലും ജോയ്‌സിക്കു പൗരത്വമുണ്ടായിരുന്നു. ഇത് കഴിഞ്ഞ ഓഗസ്റ്റില്‍ അദ്ദേഹം ഒഴിവാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വേളയില്‍ ഇരട്ടപൗരത്വമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം തെരഞ്ഞെടുപ്പിനു യോഗ്യനല്ലെന്നു കോടതി കണ്ടെത്തുകയായിരുന്നു. ഫിയോന നാഷ്, മാല്‍ക്കം റോബര്‍ട്ട്‌സ്, ലാറിസ വാട്ടേഴ്‌സ്, സ്‌കോട്ട് ലുഡ്‌ലാം എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റ് സെനറ്റ് അംഗങ്ങള്‍.
അതേസമയം, ജോയ്‌സിയെ അയോഗ്യനാക്കിയത് കേവലം ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മാല്‍കം ടേണ്‍ബുള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ്. 150 അംഗ പാര്‍ലമെന്റില്‍ 75 അംഗങ്ങളാണു ഭരണപക്ഷത്തുള്ളത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു സ്ഥാനം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനാകും. കോടതിവിധിയെ മാനിക്കുന്നുവെന്നും വീണ്ടും മത്സരിച്ച് പദവി തിരിച്ചുപിടിക്കുമെന്നും ബാര്‍നബി ജോയ്‌സി പ്രതികരിച്ചു.
ഇരട്ട പൗരത്വ കേസില്‍പെട്ടിരുന്ന മറ്റു രണ്ട് സെനറ്റ് അംഗങ്ങളായ മാറ്റ് കനവന്‍, നിക്ക് ക്‌സിനോഫോണ്‍ എന്നിവര്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് ഇരട്ട പൗരത്വവിവാദം ആസ്‌ത്രേലിയന്‍ രാഷ്ട്രീയത്തില്‍ ഉടലെടുത്തത്.
ഇതേതുടര്‍ന്ന് പത്തിലേറെ എം.പിമാര്‍ക്ക് തങ്ങളുടെ പൗരത്വ വിവരം പരസ്യപ്പെടുത്തേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."