സൈന്യത്തോട് യുദ്ധസജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്
ബെയ്ജിങ്: രാജ്യത്തെ 23 ലക്ഷം വരുന്ന സൈനികരോട് യുദ്ധത്തിനു സജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധിപനായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെയാണ് ജിന്‍പിങ്ങിന്റെ പ്രഖ്യാപനം. ഇന്നലെ വിളിച്ചുചേര്‍ത്ത സൈനികമേധാവികളുടെ യോഗത്തിലാണ് അദ്ദേഹം സൈനികര്‍ക്കു നിര്‍ദേശം നല്‍കിയത്.
സൈന്യം പാര്‍ട്ടിയോട് പൂര്‍ണവിധേയത്വം പുലര്‍ത്തണം. യുദ്ധങ്ങളില്‍ ജയിക്കാനാവശ്യമായ നവീകരണവും പുരോഗതിയും സൈന്യം കൈവരിക്കുന്നതിനൊപ്പം ശാസ്ത്രീയമായ സൈനിക സംവിധാവനും നടപ്പാക്കണമെന്ന് യോഗത്തില്‍ ജിന്‍പിങ് ആവശ്യപ്പെട്ടു. സൈനികരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശീലനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച സമാപിച്ച 19-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയിലും സൈന്യത്തിലും സര്‍ക്കാരിലും ഒരുപോലെ പരമാധികാരം പുലര്‍ത്താന്‍ ജിന്‍പിങ്ങിന് അംഗീകാരം നല്‍കിയിരുന്നു.
ജിന്‍പിങ് പുതുതായി അവതരിപ്പിച്ച 'ഷി ജിന്‍പിങ് രാഷ്ട്രീയചിന്ത' കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ചേര്‍ക്കുകയുമുണ്ടായി. സൈന്യത്തെ പൂര്‍ണമായി പാര്‍ട്ടി നിയന്ത്രണത്തിലാക്കണമെന്ന നിര്‍ദേശവും ജിന്‍പിങ് ചിന്തയില്‍ ഉള്‍പ്പെടും.
ചൈനീസ് സൈന്യത്തെ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍(സി.എം.സി) മേധാവി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏഴു സൈനികരെ കൂടി ഉള്‍പ്പെടുത്തി സി.എം.സി പുനസംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ 11 പേരാണു സമിതിയില്‍ ഉണ്ടായിരുന്നത്.
അതിനിടെ, വ്യാഴാഴ്ച വൈകിട്ടു നടന്ന സൈനിക യോഗത്തില്‍നിന്നു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജിന്‍പിങ്ങിന്റെ ഒന്നാം ഘട്ടത്തില്‍ സി.എം.സി അംഗങ്ങളായിരുന്ന ജനറല്‍ ഫാങ് ഫെങ്ഗൂയി, ജനറല്‍ സാങ് യാങ് എന്നിവരാണു വിട്ടുനിന്നത്. ഇവര്‍ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."