കേരളത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ പ്രധാന റെയില്‍വേ വികസന പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളുണ്ടായത്. കേരളം പുതിയതായി രൂപം നല്‍കിയ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പ്രധാന പദ്ധതികളാണ് റയില്‍വേ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ അംഗീകരിച്ചു. അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി സര്‍ക്കാരിന് ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച് സര്‍വെ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുളള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുളളത്. ഇതിന് മൊത്തം 16,600 കോടി രൂപയാണ് ചെലവ്. ലൈനുകള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തിലാണ് പുതിയ ലൈനുകള്‍ക്ക് റയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയാറാകുന്നത്.
തലശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കി റെയില്‍വേക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചു. 247 കിലോമീറ്റര്‍ വരുന്ന പാതയ്ക്ക് 3,209 കോടി രൂപയാണ് കണക്കാക്കിയിട്ടുളളത്.
ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 65 കി.മീറ്ററാണ് ഇതിന്റെ ദൂരം. ചെലവ് 1,600 കോടി രൂപ. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പാല ലൈനും പരിഗണിക്കും. ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത, എറണാകുളത്ത് റയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികളും ചെയര്‍മാനുമായുളള ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവച്ചു. തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്റ്റേഷനുകളുടെ വികസനത്തിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും തീരുമാനമായി. ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. അങ്കമാലി-ശബരി, ഗുരുവായൂര്‍-തിരുന്നാവായ, എറണാകുളം-അമ്പലപ്പുഴ പാതകളുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരള സര്‍ക്കാരിനും റയില്‍വേയ്ക്കും തുല്യപങ്കാളിത്തമുളള കമ്പനിയാണ് കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍. ഏകദേശം 25,000 കോടി രൂപയുടെ പദ്ധതി ഇതിനകം കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതിന് പുറമേയാണ് 1039 കിലോമീറ്ററില്‍ പുതിയ ലൈനുകള്‍ നിര്‍ദേശിക്കുന്നത്.
യോഗത്തില്‍ റെയില്‍വേയുടെ ചുമതലയുളള മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍, സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ സുഡാന്‍സു മണി, ഡിവിഷണല്‍ റയില്‍വേ മാനേജര്‍ പ്രകാശ് ബുട്ടാണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."