ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സി.ബി.ഐ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ കോടതിയുടെ തീരുമാനം ഇന്ന്
കൊച്ചി: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയാറാക്കിയ അന്തിമറിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കണമോയെന്നതില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.
മൗലവിയുടെ അസ്വാഭാവിക മരണത്തില്‍ ആരെയും ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി 25നാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മൗലവി ആത്മഹത്യചെയ്തതാണെന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വിശദമായ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കാന്‍ നേരിട്ടുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍, സാഹചര്യത്തെളിവുകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇത് ഒരു ആത്മഹത്യയായിരുന്നു എന്നതിലേക്കാണെന്നാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ഡാര്‍വിന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 നവംബര്‍ എട്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ രണ്ട് പേര്‍ ആത്മഹത്യയായിരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഒരാള്‍ അഭിപ്രായം രേഖപ്പെടുത്താതെയാണ് സി.ബി.ഐക്ക് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മൗലവിയുടെ മരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താതെയാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കരുതെന്നും വീണ്ടും തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി അഡ്വ.ഷൈജന്‍ സി.ജോര്‍ജ് മുഖേന കോടതിയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഓട്ടോഡ്രൈവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് പൊലിസ് രണ്ടുപേരെ ചോദ്യം ചെയ്തിരുന്നു. മൗലവിയെ കൊലപ്പെടുത്തിയതാണെന്നും തെക്കന്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷനായിരുന്നു ഇതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. 2010 ഫെബ്രവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."