കായല്‍ കൈയേറ്റം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെ മാറ്റില്ലെന്ന് അഡ്വക്കറ്റ് ജനറല്‍
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റക്കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ ണി കെ.വി സോഹനെ മാറ്റില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ്. കേസില്‍ അഡി. അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്ന് റവന്യൂ മന്ത്രി കത്ത് നല്‍കിയെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. മന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കേണ്ട ബാധ്യതയില്ല. പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവിടെ തീര്‍ക്കട്ടെ. എ.ജി ഓഫിസിന് എല്ലാവരുമായി നല്ല ബന്ധമാണ്. കായല്‍ കൈയേറ്റക്കേസില്‍ അഡിഷണല്‍ എ.ജി രഞ്ജിത്ത് തമ്പാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഒരു തരത്തിലുള്ള അതൃപ്തിയുമില്ല. മറ്റുള്ളവയൊക്കെ മാധ്യമങ്ങള്‍ നല്‍കുന്ന നിറമാണ്. കേസ് അഡിഷനല്‍ എ.ജിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കത്തു നല്‍കിയോയെന്ന ചോദ്യത്തോടു പ്രതികരിക്കുന്നില്ല.
മന്ത്രിമാര്‍ ഇങ്ങനെ പറയാറില്ല. പറഞ്ഞാലും എ.ജി കേള്‍ക്കേണ്ടതില്ല. മന്ത്രിമാര്‍ക്ക് എജിയെ നിര്‍ദേശിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മാത്രമേ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതുള്ളൂ എന്നും എ.ജി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഓരോ കേസിലും ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം അഡ്വക്കറ്റ് ജനറലിനാണെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ല. കായല്‍ കൈയേറ്റക്കേസില്‍ സ്റ്റേറ്റ് അറ്റോണി കെ.വി സോഹനെ നിയോഗിച്ചിരുന്നു. അദ്ദേഹമാണ് ഹരജി കൈകാര്യം ചെയ്തത്. ഇതില്‍ അപാകതയില്ല. കേസ് നടത്താന്‍ ഒരാളെ നിയോഗിച്ചു കഴിഞ്ഞാല്‍ പിന്നീടു മാറ്റുന്ന പതിവില്ല. ഇതുവരെ താന്‍ അങ്ങനെ ചെയ്തിട്ടില്ല. ഇനി അങ്ങനെ ചെയ്യുകയുമില്ല. എ.ജിയെന്ന എന്ന നിലയില്‍ കേസുകളില്‍ വ്യക്തിപരമായ താല്പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."