ചെമ്പിരിക്ക ഖാസിയുടെ കൊലപാതകം: സി.ബി.ഐയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് അടുത്ത മാസം ഒന്‍പതിലേക്ക് മാറ്റി
കൊച്ചി: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കണമോ എന്നത് സംബന്ധിച്ച തീരുമാനം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അടുത്തമാസം ഒന്‍പതിലേക്ക് മാറ്റിവച്ചു. ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സി.ബി.ഐയെ പ്രതിനിധീകരിച്ച് ആരും കോടതിയില്‍ ഹാജരായിരുന്നില്ല.
കൃത്യമായ നിഗമനത്തിലെത്താതെയാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കരുതെന്നും തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം, കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്‌റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ തന്നോട് നടത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. വെളിപ്പെടുത്തല്‍ സംബന്ധിച്ച് തെളിവുകളും രേഖകളും തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടര്‍ന്ന് കോടതി കേസില്‍ കക്ഷിചേരാന്‍ ഉള്ള അപേക്ഷ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."