അനുമതിയില്ലാതെ ഹജ്ജിന് പോയി പിടിയിലായവര്‍ക്ക് 10 വര്‍ഷത്തേക്ക് പ്രവേശനവിലക്കെന്ന് ജവാസാത്ത്
ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിന് പോയി പിടിയിലായവര്‍ക്ക് 10 വര്‍ഷത്തേക്ക് സഊദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. 10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുമതി പത്രം സമ്പാദിക്കാതെ ഹജ്ജിനു പോയവര്‍ നാട്ടില്‍നിന്ന് വീണ്ടും സഊദിയിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ പിടിയിലായിരുന്നു.
അനുമതി പത്രമില്ലാതെ ഹജ്ജിനു പോകുന്നവരെ കണ്ടെത്താന്‍ നടത്തിയ വിപുലമായ പരിശോധനയില്‍ നിരവധി പേരെ ഈ വര്‍ഷവും മടക്കി അയച്ചിരുന്നു. പോയ വര്‍ഷങ്ങളിലും ഈ വര്‍ഷവും ഹജ്ജിന്റെ സുപ്രധാന ദിവസം ഹജ്ജ് പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചവരുടെ വിരലടയാളം രേഖപ്പെടുത്തി ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിച്ചിരുന്നു. ഇത്തരക്കാരാണ് പിന്നീട് എയര്‍പോര്‍ട്ടുകളിലുംമറ്റും വച്ച് പിടിയിലായത്.
ഇഖാമ, തൊഴില്‍ നിയമലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കാണ് ബാധകം. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആശ്രിതര്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രിത ലെവി നിര്‍ബന്ധമാണ്. റീഎന്‍ട്രി വിസയില്‍ സ്വദേശങ്ങളിലേക്ക് പോകുന്നവരുടെ വിസ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ കഴിയില്ല. ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് 60 ദിവസത്തിനകം രാജ്യം വിട്ടിരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ആയിരക്കണക്കിന് വിദേശ തീര്‍ഥാടകര്‍ അനധികൃതമായി സഊദിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയതും പാകിസ്താനില്‍ നിന്നാണ്. ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ ഉംറ സീസണില്‍ സഊദിയിലെത്തിയ വിദേശ തീര്‍ഥാടകരില്‍ പലരും വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അല്‍ ഹയാത്ത് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന തീര്‍ഥാടകരില്‍ കൂടുതലും പാകിസ്താനികളാണ്. പാകിസ്താനില്‍ നിന്നെത്തിയ 1,453,440 തീര്‍ഥാടകരില്‍ 6,905 പേര്‍ മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. നൈജീരിയയില്‍ നിന്നുള്ള 1,629 തീര്‍ഥാടകരും, ഈജിപ്തില്‍ നിന്നുള്ള 1,081 തീര്‍ഥാടകരും ഇന്തോനേഷ്യ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 592 തീര്‍ഥാടകരും ഇങ്ങനെ അനധികൃതമായി രാജ്യത്ത് തങ്ങുന്നയതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."