'നെസ്റ്റ് ' ഒരു നന്മക്കൂടിന്റെ പേരാണ്
മാനസികവും ശാരീരികവുമായി വൈകല്യങ്ങള്‍ ബാധിച്ചു തളര്‍ന്നവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരിക എന്ന മഹാദൗത്യം നിര്‍വഹിക്കുന്ന കൊയിലാണ്ടിയിലെ 'നെസ്റ്റി'നെ കുറിച്ചുള്ള ഫീച്ചര്‍(ഒക്ടോബര്‍ 22 ലക്കം 162) പ്രതീക്ഷ പകരുന്നതാണ്. മനുഷ്യ മനസുകള്‍ തമ്മില്‍ അകലുകയും സ്വാര്‍ഥംഭരികളുടെ ലോകം വലുതാകുകയും ചെയ്യുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.
കണ്ണിനുമുന്നില്‍ അപകടത്തില്‍പെട്ട് പ്രാണനായി പിടയുന്നവരെ രക്ഷിക്കാന്‍ നോക്കാതെ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ നാടാണു നമ്മുടേത്. അയല്‍ക്കാരനും ബന്ധക്കാര്‍ വരെ അന്യരാകുന്ന കാലം. അത്തരമൊരു കാലത്ത്, സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ താങ്ങാകാന്‍ സ്വയം സന്നദ്ധരായി ഒരു സംഘം ജീവിച്ചിരിപ്പുണ്ടെന്ന കാര്യം അറിയുന്നതുതന്നെ ഏറെ സന്തോഷം പകരുന്നതാണ്. അതും അത്യാധുനിക സാമഗ്രികള്‍ പുറത്തുനിന്നു നമ്മുടെ നാട്ടിലേക്കെത്തിക്കാന്‍ പോലും കിണഞ്ഞു പരിശ്രമിക്കുന്ന, പ്രതീക്ഷ നഷ്ടപ്പെട്ടവരെ പുതുജീവിതത്തിന്റെ പച്ചത്തുരുത്തുകളിലേക്കു കൈപ്പിടിച്ചാനയിക്കുന്ന ആ നല്ല മനസുകള്‍ നമ്മുടെ നാടിന്റെ നന്മകള്‍ തന്നെയാണെന്നതില്‍ സംശയമേതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."