കാണുന്നില്ലേ, ആ കുഞ്ഞുമുഖങ്ങള്‍
ദീപാവലിക്കാഴ്ചകള്‍ വര്‍ണാഭമാക്കിയ ഡല്‍ഹിരാത്രിക്കു ശേഷമാണ് കാളിന്ദികുഞ്ചിലേക്കെത്തുന്നത്. നഗരക്കാഴ്ചകളില്‍നിന്നു വെട്ടിച്ചുരുക്കിയെടുത്ത ഒരു പ്രദേശം. ആരവങ്ങളും ആഘോഷങ്ങളും കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത്, ഒരുപക്ഷെ എന്നെന്നേക്കുമായി ഉപേക്ഷിച്ചിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരുപറ്റം മനുഷ്യര്‍ പാര്‍ക്കുന്നയിടം. റോഹിംഗ്യകളെ കുറിച്ചു കേട്ടും വായിച്ചും മനസിലുണ്ടായിരുന്ന ഭാവനകള്‍ പച്ചയ്ക്കു കാണാന്‍ ചെന്നതായിരുന്നു. ഞങ്ങളവിടെ കയറിച്ചെന്നപ്പോള്‍ ആശങ്കമുറ്റുന്ന കണ്ണുകള്‍ ഇടംവലം പായുന്നതു കണ്ടു. ഒടുക്കം അവ സുന്ദരമായ സ്‌നേഹമുഹൂര്‍ത്തങ്ങളുടെ സംസാരവഴിയിലേക്ക്, ആലിംഗനങ്ങളിലേക്കു വഴിമാറി.
തസ്‌ലീമയും കൂട്ടുകാരും
[caption id="attachment_442909" align="alignleft" width="360"] തസ്‌ലീമയും കൂട്ടുകാരും[/caption]
തലസ്ഥാന നഗരിക്ക് പകിട്ടേകുന്ന അംബരചുംബികള്‍ക്കടുത്ത് ഒരു കിലോമീറ്റര്‍ പോലും ചുറ്റളവില്ലാത്ത ചേരിപ്രദേശത്ത് പുഴുക്കളായി ജീവിക്കുന്ന റോഹിംഗ്യാ ജനതയുടെ കുഞ്ഞുപ്രതിനിധി തസ്‌ലീമയെയും അവളുടെ ചങ്ങാതിമാരെയും കാണാന്‍ പോയതായിരുന്നു ഞങ്ങള്‍. ക്യാംപിലെത്തിയതു മുതല്‍ തസ്്‌ലീമ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. അന്‍ജുമിനെയും അബ്ദുല്ലയെയും ഹാറൂനിനെയും അവള്‍ സംഘത്തിലേക്കു ചേര്‍ത്തു. അങ്ങിങ്ങായി പല കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു വേറെ ചില കുഞ്ഞുങ്ങള്‍. പേര് വിളിച്ചുപറഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തും സെല്‍ഫിക്കു ചിരിച്ചുതന്നും ഫുട്‌ബോളിനു പിന്നാലെയോടിയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പുതിയ ലോകങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ്, പലായനത്തിന്റെ ദുരന്ത കഥകളറിയാത്ത ആ നിഷ്‌കളങ്ക ബാല്യങ്ങള്‍.
സക്കാത്ത് ഫൗണ്ടേഷന്റെ ചെറിയ ഭൂമിയില്‍, സാധ്യമാകും വിധം ഉയരത്തില്‍ കെട്ടിയുയര്‍ത്തിയ ദാറുല്‍ ഹിജ്‌റ ക്യാംപില്‍, അരാക്കനിലെ പ്രേതദിനങ്ങളെ കുറിച്ചോര്‍ത്ത് പേടിച്ചിരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ചിലര്‍ ഇരുട്ടുമൂടിക്കിടക്കുന്ന ഭാവിയെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. ഇനിയും ചിലര്‍ ജന്മഭൂമിയിലേക്കു തിരിച്ചുവിളിക്കപ്പെടുന്നതുമോര്‍ത്ത് സ്വപ്നം നെയ്തിരിക്കുന്നു. ബുദ്ധ തീവ്രവാദികളുടെ ഭീകരമര്‍ദനങ്ങളുടെ പ്രഹരശക്തിയുടെ ഭയാനകതയില്‍ ഉള്ളം വിറച്ച്, ഇനിയൊരിക്കലും മ്യാന്മറിലേക്കു മടക്കമില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചവരുമുണ്ട്, കൂട്ടത്തില്‍. അങ്ങനെ അനിശ്ചിതത്വത്തിന്റെ മേഘാവൃതമായ മേലാപ്പിനു താഴെ, ഒഴുകിപ്പരക്കാന്‍ ഇടങ്ങളില്ലാതെ, മനസിലിട്ടു ലാളിക്കാന്‍ സ്വപ്നങ്ങളില്ലാതെ അലയുന്നവരുടെ ഇടമാണ് കാളിന്ദികുഞ്ച്.
പുഞ്ചിരിച്ചുകൊണ്ടാണ് തസ്‌ലീമയും സംഘവും ഞങ്ങളെ സ്വീകരിച്ചത്. ബാല്യത്തിന്റെ സൗകുമാര്യതകള്‍ മുഴുവന്‍ ആഴക്കടലില്‍ അടക്കംചെയ്യപ്പെട്ട ഒരു ജനതയാണ് റോഹിംഗ്യകള്‍. ജീവിതം മുഴുവന്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴും, പ്രതീക്ഷയുടെ പ്രകാശരേണുക്കള്‍ ഇടക്കെങ്കിലുമവര്‍ അനുഭവിക്കുന്നത് ഈ ഇളംപുഞ്ചിരികളില്‍നിന്നാണ്. ഉപരിവര്‍ഗത്തിന്റെ ആഘോഷങ്ങളും മധ്യവര്‍ഗത്തിന്റെ ആരവങ്ങളും നിറപ്പെയ്ത്തായി വര്‍ഷിക്കുന്ന മഹാനഗരത്തിന്റെ ഇടനാഴികളില്‍ പെയ്തിറങ്ങാന്‍ ഇടങ്ങളില്ലാതെ ഓടിനടക്കുന്നു, അവിടെ ഒരുപറ്റം കുഞ്ഞുങ്ങള്‍.
[caption id="attachment_442910" align="alignright" width="319"] അലി ജൗഹര്‍[/caption]
അപ്പോഴും, പൊടിപടലങ്ങള്‍ അടങ്ങാത്ത നിരത്തുവഴികളില്‍ കൂടി, നാലു പലക വച്ചടിച്ച്, ആരവങ്ങള്‍ തീര്‍ത്ത് അവര്‍ ആഹ്ലാദിക്കുക തന്നെയാണ്. തങ്ങള്‍ക്കുനേരെ വരുന്ന കാമറക്കണ്ണുകളിലേക്ക് പ്രത്യാശാഭരിതമായ നോട്ടങ്ങളയക്കുന്നു അവര്‍. ചേര്‍ത്തണച്ച് സെല്‍ഫിയെടുക്കാന്‍ വിളിക്കുമ്പോള്‍ കൂട്ടമായി വന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറുന്നു. ശീതീകരിച്ച മുറികളില്‍നിന്ന് എടുത്തുയര്‍ത്തി ബേബി സോപ്പില്‍ കുളിപ്പിച്ച്, പൗഡറിട്ടൊരുക്കി, സമയാസമയം പ്രോട്ടീനും വിറ്റാമിനും തിട്ടപ്പെടുത്തി, വളര്‍ത്തിയുറക്കപ്പെടുന്നവരല്ല അവര്‍. പാകത്തിനുള്ള വസ്ത്രമില്ലാതെ, ചിതറിക്കിടക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കു നടുവില്‍, പാതിയൊടിഞ്ഞ കസേരകളില്‍, പൊടിഞ്ഞുതൂവിയ ഇഷ്ടികക്കഷണങ്ങളില്‍ ചിരിച്ചാര്‍ത്തുല്ലസിച്ച് അവര്‍ ഓടിനടക്കുന്നു. പലായനങ്ങളുടെ വേദനകളറിയാതെ ആ ചെറിയൊരു ലോകത്ത് സന്തോഷത്തിന്റെ പുതിയ വലിയ ലോകങ്ങള്‍ തീര്‍ക്കുകയാണവര്‍. ആര്‍ത്തുല്ലസിച്ച് ഓടിക്കളിക്കുന്ന ആ നിഷ്‌കളങ്ക ബാല്യങ്ങളെ വേദനയിലും സന്തോഷത്തിലും ചേര്‍ത്തുപിടിച്ച് കഴിയുമ്പോഴും, ആ ഉപ്പമാരുടെയും ഉമ്മമാരുടെയും ഉള്ളില്‍ ആശങ്കകളുടെ കനലെരിയുകയാണ് ഇപ്പോഴും.
കാളിന്ദികുഞ്ചിലെ അരികുജീവിതങ്ങള്‍
ന്യൂഡല്‍ഹിയിലെ കാളിന്ദികുഞ്ചിലുള്ള റോഹിംഗ്യാ ക്യാംപില്‍ 48 കുടുംബങ്ങളാണു താമസിക്കുന്നത്. 2012ല്‍ ബുദ്ധതീവ്രവാദികളുടെ പീഡനം സഹിക്കാനാകാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചു പുറപ്പെട്ട അവരില്‍ ഒരുകൂട്ടം ഡല്‍ഹിയിലും എത്തിപ്പെട്ടു. അങ്ങനെ സന്നദ്ധസംഘടനയായ സകാത്ത് ഫൗണ്ടേഷന്‍ ദാനം നല്‍കിയ ഭൂമിയില്‍ അവര്‍ കുടില്‍കെട്ടി താമസം തുടങ്ങുകയായിരുന്നു. ടാര്‍ പായ വലിച്ചുകെട്ടിയ ചെറുകുടിലുകളില്‍ സുമനസുകളെയും പ്രതീക്ഷിച്ചു കഴിയുകയാണിപ്പോഴവര്‍. ചെറുകിട കൂലിപ്പണികളും ചെറിയ പീടികകളുമൊക്കെയായി ജീവിതത്തെ നേരിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട് കൂട്ടത്തില്‍. മുള കെട്ടിയുണ്ടാക്കിയ പള്ളിയും താല്‍ക്കാലിക മദ്‌റസാ-സ്‌കൂള്‍ സംവിധാനവും ഇപ്പോള്‍ അവിടെ ഒരുക്കിയിട്ടുണ്ട്.
ജീവിതസമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട് നിരാശയോടെ ഭാവിയിലേക്കു കണ്ണുംനട്ടു കഴിയുന്ന പഴയ തലമുറയ്ക്കു കരുത്തും പ്രതീക്ഷയും പകര്‍ന്ന് ഒരാളുണ്ടിവിടെ. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ പഠനം നടത്തുന്ന ഏക റോഹിംഗ്യാ വിദ്യാര്‍ഥി അലി ജൗഹര്‍. ഡല്‍ഹി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദപഠനം നടത്തിക്കൊണ്ടിരിക്കുന്ന അലി ജൗഹര്‍ യു.എന്‍ ഗ്ലോബല്‍ യൂത്ത് പീസ് അംബാസഡര്‍ കൂടിയാണ്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അവന്‍, റോഹിംഗ്യകളുടെ സ്ഥായിയായ ക്ഷേമപുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. യാദൃശ്ചികമായി ഞങ്ങള്‍ക്കവിടെ വച്ച് ജൗഹറിനെ കാണാനും സംസാരിക്കാനുമായി.
"നിങ്ങള്‍ തരുന്ന അരിയും എണ്ണയും ദാലും കഴിച്ചിരുന്നാല്‍ ഞങ്ങളുടെ സമുദായം ഒരിക്കലും രക്ഷപ്പെടില്ല. പ്രാഥമികതലം മുതല്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കേണ്ടതുണ്ട്"
ഇടക്കിടെ തേടിയെത്തുന്ന കാറുകളും വലിയ മനസിനുടമകളുമൊഴിച്ചാല്‍, ആ പാവങ്ങളുടെ ദുരിതവും യാതനയും ഫ്രെയിമിലാക്കി പണം പിരിച്ചു കീശ വീര്‍പ്പിക്കുന്നവരൊരുപാടുണ്ട്. അതിനിടയില്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അടക്കമുള്ള കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള സുമനസുകളുടെ ആത്മാര്‍ഥ ഇടപെടലുകള്‍ ഒരു പരിധിവരെ അവര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍, താല്‍ക്കാലിക മദ്‌റസാ-സ്‌കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടു. ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മാത്രമുള്ള അരിയും ദാലുമായി ഒരുപാടുപേര്‍ വരുന്നുണ്ടവിടെ. ഞങ്ങള്‍ സംസാരിച്ചുനില്‍ക്കുമ്പോഴും വന്നുപോകുന്നുണ്ട് ഒന്നുരണ്ട് വാഹനങ്ങള്‍.
ദുരിതക്യാംപുകള്‍
[caption id="attachment_442913" align="alignleft" width="438"] കഴിഞ്ഞ ചെറിയ പെരുന്നാളിന് പുതിയ വസ്ത്രങ്ങളുടുത്ത് ഡല്‍ഹി റോഹിംഗ്യാ ക്യാംപിലെ കുഞ്ഞുങ്ങള്‍[/caption]
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഹിംഗ്യ അഭയാര്‍ഥി ക്യാംപുകളുടെ ഒരു പരിച്ഛേദമാണ് കാളിന്ദികുഞ്ചിലേത്. കാളിന്ദികുഞ്ചില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി ഷഹീന്‍ബാഗിലും ഒരു ക്യാംപുണ്ട്. ഇടതൂര്‍ന്ന വഴി, വഴിയോരങ്ങളില്‍ നിറഞ്ഞുപൊന്തിയ മാലിന്യക്കൂമ്പാരങ്ങള്‍, ശ്വാസം മുട്ടിക്കുന്ന പൊടിശല്യം, ഇടിഞ്ഞുപൊളിഞ്ഞു കുഴികള്‍ നിറഞ്ഞ ഊടുവഴി...ഇതൊക്കെ കടന്നുവേണം അവിടെയെത്താന്‍. 78 കുടുംബങ്ങളാണു ക്യാംപില്‍ തിങ്ങിനിറഞ്ഞു കഴിയുന്നത്. നേരം ഇരുട്ടുമ്പോഴും നാളേക്കുള്ള കളിക്കളങ്ങള്‍ ഒരുക്കി, കളം വരക്കുന്ന കുട്ടികളെ അവിടെയും കണ്ടു. കളിക്കളങ്ങളെ കുറിച്ചുള്ള ഭാവനകളും സ്വപ്നങ്ങളും തന്നെയാണ് അവരെയും നയിക്കുന്നത്. അഭയാര്‍ഥിത്വത്തിന്റെ അനുഭവങ്ങളൊന്നും അവരെ അലട്ടുന്നേയുണ്ടായിരുന്നില്ല.
ക്യാംപിനുള്ളില്‍ പ്രത്യേകം തയാര്‍ ചെയ്ത ഷെഡിനകത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ മദ്‌റസയും. വരും തലമുറയെങ്കിലും പഠിച്ചു രക്ഷപ്പെടട്ടെയെന്ന ഉറച്ചബോധ്യം തന്നെയാണു ദൈന്യത നിറഞ്ഞ നാളുകളിലും വിദ്യാഭ്യാസകേന്ദ്രങ്ങളൊരുക്കാന്‍ അഭയാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. കാളിന്ദികുഞ്ച് ക്യാംപില്‍നിന്നും പ്രാഥമിക പഠനത്തിനായി കുട്ടികളെ സ്‌കൂളുകളില്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.
''നിങ്ങള്‍ തരുന്ന അരിയും എണ്ണയും ദാലും കഴിച്ചിരുന്നാല്‍ ഞങ്ങളുടെ സമുദായം ഒരിക്കലും രക്ഷപ്പെടില്ല. പ്രാഥമികതലം മുതല്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കേണ്ടതുണ്ട്.''-ക്യാംപിലെ ഊടുവഴികളിലൂടെ നടക്കുന്നതിനിടെ അലി ജൗഹര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. റോഹിംഗ്യാ കുട്ടികളുടെ സുസ്ഥിര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു തരണമെന്നാണ് ജൗഹറിന്റെ അഭ്യര്‍ഥന. അവര്‍ക്കു രക്ഷപ്പെടാന്‍ മറ്റു വഴികളില്ലെന്നും അവന്‍ ഉറച്ചുവിശ്വസിക്കുന്നു. ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന ഒന്നാം സൗത്ത് ഏഷ്യന്‍ യൂത്ത് ഉച്ചകോടിയില്‍ അലി ജൗഹര്‍ വികാരഭരിതമായൊരു പ്രസംഗം നടത്തിയിരുന്നു. അതിങ്ങനെയായിരുന്നു:
''പ്രാഥമിക സൗകര്യങ്ങളില്ലാതെ, കൂട്ടിന് ഉമ്മയോ ഉപ്പയോ ഇല്ലാതെ, സൗഹൃദവലയങ്ങളില്‍നിന്നു പറിച്ചുമാറ്റപ്പെട്ട് അന്യനാട്ടില്‍ അഭയാര്‍ഥിയായി ജീവിക്കുന്നതിന്റെ വേദന നിങ്ങള്‍ക്കറിയുമോ? എന്തുകൊണ്ടാണ് ഞങ്ങള്‍ ജന്മദേശം വിട്ടൊഴിവാക്കി ഓടിയകലുന്നതെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? കുട്ടികളെയും കൂട്ടുകുടുംബങ്ങളെയും കൂട്ടി ഒട്ടും സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ ആഴക്കടലിലേക്കിറങ്ങുന്നത് എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? അഭയാര്‍ഥികളും മനുഷ്യരാണ്. ചിരിക്കാനിഷ്ടപ്പെടുന്ന, സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്ന, സ്വസ്ഥത തേടുന്ന, സൗഹൃദങ്ങളില്‍ വിലയിക്കണമെന്നു കൊതിക്കുന്ന പച്ച മനുഷ്യര്‍. പക്ഷെ, അത്തരം ആഗ്രഹങ്ങളില്‍നിന്ന് കിലോമീറ്ററുകള്‍ ദൂരത്താണവര്‍. ആരും അഭയാര്‍ഥിത്വത്തെ സ്വയം തിരഞ്ഞെടുക്കുന്നതല്ല. അഭയാര്‍ഥികളായിത്തീരുന്നതാണ്. നിങ്ങളുടെ സഹതാപമല്ല ഞങ്ങള്‍ക്ക് ആവശ്യം. സുസ്ഥിര വികസനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇവയെല്ലാം നിങ്ങളുടെ മനസിലുണ്ടായിരിക്കട്ടെ.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."