ഹൈടെക് മദ്‌റസ
കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അതിരിടുന്ന കാലിക്കടവിനോടു ചേര്‍ന്നുള്ള ഗ്രാമമാണ് ചന്തേര. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നതേയുള്ളൂ. എന്നാല്‍ ഒരുപടി മുന്‍പേ വിദ്യാഭ്യാസരംഗത്തേക്കു സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ ഒരുക്കിയെടുത്തു എന്നുള്ളതാണ് ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയെ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള പതിനായിരത്തോളം മദ്‌റസകളില്‍ ഒന്നാമതെത്തിച്ച പ്രധാന ഘടകം. സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, ചിത്രച്ചുമരുകള്‍, പൂര്‍ണ സജ്ജമായ ലൈബ്രറി, റീഡിങ് റൂം...അങ്ങനെ കാലത്തിനൊപ്പം സഞ്ചരിച്ചു പഠനം മികവുറ്റതാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാമുണ്ട് ഇവിടെ.
ബിഗ് സ്‌ക്രീനില്‍ നോക്കി പഠിക്കാം
വിദ്യാര്‍ഥികള്‍ക്കു വലിയ സ്‌ക്രീനില്‍ പാഠഭാഗങ്ങളും അനുബന്ധ കാര്യങ്ങളും കണ്ടുപഠിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് മദ്‌റസയില്‍. ചിത്രങ്ങള്‍ നിറഞ്ഞ ചുമരുകളും ടൈല്‍ പാകിയ നിലവും മികച്ച ഇരിപ്പിടങ്ങളുമായി കുട്ടികളുടെ പഠന മാനസികാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതാണ് ഇവിടത്തെ ക്ലാസ്മുറികള്‍. ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കു കീഴില്‍ അര നൂറ്റാണ്ടു മുന്‍പാണ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ സ്ഥാപിതമായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് മദ്‌റസ അടിമുടി മാറിക്കഴിഞ്ഞു.
ഓരോ കുട്ടിക്കും ഓരോ കസേര എന്ന നിലയില്‍ ശിശുസൗഹൃദപരമായാണ് ഒന്നാംതരത്തിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്മുറികളില്‍ ഗ്രീന്‍ ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഹൈടെക് പഠനസംവിധാനങ്ങളും മികച്ച ലൈബ്രറിയും പഠനത്തെ ഫലപ്രദമാക്കുന്നു. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി റീഡിങ് റൂമും പ്രത്യേകമായി തന്നെ സജ്ജമാക്കിയിട്ടുണ്ട്. പഠനസൗകര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അഞ്ച്, ഏഴ്, 10 ക്ലാസുകളില്‍ പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടു കൂടിയ നൂറുശതമാനം വിജയം നേടിയെടുക്കാനുമായി.
ഇ-മഹല്ലും ഇ-മദ്‌റസയും
മഹല്ല് ശാക്തീകരണവും ഏകീകരണവും ഫലപ്രദമായി നടപ്പാക്കാന്‍ ഇ-മഹല്ല് സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തിയ മഹല്ലാണ് ചന്തേര. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മഹല്ലിന്റെ സമഗ്രവിവരങ്ങള്‍ ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. ഇതിന്റെ ചുവടുപിടിച്ചാണ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയെയും ഇ-മദ്‌റസാ സംവിധാനത്തിലേക്കു മാറ്റിയെടുത്തതെന്ന് ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ പറയുന്നു. മഹല്ല് പരിധിയിലെ മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസ വിവരങ്ങള്‍ ഇ-മഹല്ല് സംവിധാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ ചുരുങ്ങിയത് ബിരുദതലം വരെയെങ്കിലും വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ കുട്ടിക്കും അര്‍ഹമായ സ്‌കോളര്‍ഷിപ്പുകള്‍, യോജിച്ച വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ രക്ഷിതാക്കളുടെ മൊബൈലില്‍ സന്ദേശമായി എത്തുന്നു. വിദ്യാഭ്യാസ പോര്‍ട്ടലുകളിലേക്കുള്ള ലിങ്കുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാനും ഇ-മദ്‌റസ സംവിധാനത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മികവുകള്‍ ഇങ്ങനെയും
ആധുനിക വിദ്യാഭ്യാസക്രമങ്ങള്‍ക്കനുസരിച്ച ചട്ടങ്ങളും രീതികളും മദ്‌റസയിലും അവലംബിക്കുന്നുണ്ട്. ആഴ്ചതോറും അസംബ്ലി, പൊതുതെരഞ്ഞെടുപ്പ് മാതൃകയില്‍ മദ്‌റസാ തെരഞ്ഞെടുപ്പ്, വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം, സിയാറത്ത് ടൂറുകള്‍, സെമിനാറുകള്‍, എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവ അവയില്‍ ചിലതുമാത്രം.
ദഅ്‌വാ മീറ്റിങ്ങുകള്‍
എല്ലാ മാസവും അധ്യാപകരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഒന്നിച്ചിരുന്നു നടത്തുന്ന ദഅ്‌വാ മീറ്റിങ്ങുകള്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ സവിശേഷതയാണ്. മാസംതോറും പി.ടി.എ യോഗങ്ങളും നടക്കുന്നു. മദ്‌റസാ പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഹിസ്‌ബോട് കൂടിയ ഖുര്‍ആന്‍ ഹിഫ്ദ് ക്ലാസുകളും നല്‍കുന്നുണ്ട്. മികച്ച പാഠ്യരീതികള്‍ക്കൊപ്പം ശുചിത്വകാര്യങ്ങള്‍ക്കും മദ്‌റസ പ്രത്യേക പരിഗണന നല്‍കിവരുന്നു. ഏറ്റവും നല്ല മഹല്ലിനുള്ള 'ബെസ്റ്റ് മഹല്ല് ' അവാര്‍ഡിലൂടെ പകര്‍ന്നുകിട്ടിയ ഊര്‍ജവുമായി മഹല്ല് ശാക്തീകരണത്തിന്റെ കര്‍മവഴികളിലൂടെ പുത്തന്‍പാത തെളിയിച്ചു മുന്നേറുന്ന ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കു മറ്റൊരു പൊന്‍തൂവല്‍ കൂടിയായി മദ്‌റസാ അവാര്‍ഡുനേട്ടം. പ്രധാന അധ്യാപകന്‍ ഷഫീഖ് തങ്ങളുടെ നേതൃത്വത്തിലുള്ള ബിരുദധാരികളടങ്ങുന്ന യോഗ്യരായ അധ്യാപകര്‍ തന്നെയാണ് മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."