ബി.ജെ.പിയുടെ തമിഴ് തിരക്കഥകള്‍
- ഏഴു ശതമാനം ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാമെങ്കില്‍ 28 ശതമാനം ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ ?
- ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നു, കാരണം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്കു രണ്ടു കൊല്ലമായി പണം നല്‍കിയിട്ടില്ല.
- 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്.
- കോവിലുകളല്ല എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണു രാജ്യത്തിനാവശ്യം.
ഏതെങ്കിലും രാഷ്ട്രീയ പ്രസംഗത്തില്‍ നിന്നെടുത്ത കൈയടി വാചകങ്ങളല്ല. തമിഴകത്തു വിവാദമായ 'മെര്‍സല്‍' സിനിമയിലെ ഡയലോഗുകളാണിവ. സിനിമയില്‍ ഇങ്ങനെ ഡയലോഗടിക്കുക ഒരു വിജയസൂത്രം കൂടിയാണ്. കാണികളുടെ ക്ഷോഭം പുറത്തേക്കു കളയുന്ന സേഫ്റ്റി വാല്‍വുകളാണ് ഇമ്മാതിരി ശബ്ദരേഖകള്‍. മമ്മൂട്ടിയുടെ 'ദി കിംഗ് ' പോലെ ഉദാഹരണങ്ങള്‍ അനവധി. ഫലം സിനിമക്ക് ആളു കേറും, പടം ഹിറ്റാകും. ആളുകള്‍ക്കു തങ്ങളെ അസ്വസ്ഥമാക്കുന്ന വ്യവസ്ഥിതിയോടു കലഹിച്ചതിന്റെ ഒരു മനസുഖവും കിട്ടും. അത്രയുമാണു നാളിതുവരെ നാട്ടുനടപ്പ്. പിന്നെ തമിഴ്‌നാട്ടില്‍ ഇപ്പോഴെന്താണു പതിവില്ലാത്ത കുഴപ്പം. തമിഴര്‍ക്ക് സിനിമ വെറും കാഴ്ചപ്പണ്ടമല്ല.
തമിഴക രാഷ്ട്രീയത്തിന്റെ പേറ്റു-പോറ്റുമുറി കൂടിയാണ് സിനിമാരംഗം. തമിഴരെ ചാക്കിടുന്നതിലും എളുപ്പവഴിയാണ് അവിടത്തെ താരങ്ങളെ ചാക്കിടല്‍. അതിനുള്ള ചാക്കുമായാണ് ബി.ജെ.പി നടക്കുന്നത്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സിനിമാവിവാദം അതുകൊണ്ട് ഒരു സിനിമാ വിവാദം മാത്രമല്ല. വേറെ പലതും അതിന്റെ ഉള്ളടക്കമായുണ്ട്. ബി.ജെ.പിക്കു പിടിമുറുക്കാന്‍ കഴിയാത്തത്ര ശക്തമായ ദ്രാവിഡത തമിഴ്‌നാട്ടിലുണ്ട്. അതു മറികടക്കാന്‍ ഏതറ്റവും ഏതടവും പയറ്റും.
മുകളിലെ ഡയലോഗുകളില്‍ അവസാനത്തേതു നോക്കൂ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുവീണ ഒരാശയലോകം, കോവിലുകളല്ല ആശുപത്രികളാണു രാജ്യത്തിനാവശ്യം എന്ന വാക്യത്തിനകത്തുണ്ട്. ആ ചരിത്രം വര്‍ത്തമാനകാലത്തെ കുറിച്ചുള്ള വ്യക്തതയ്ക്കു നന്നാകും. ജയലളിത അരങ്ങൊഴിഞ്ഞു. കരുണാനിധി ആയുസിന്റെ സ്വാഭാവിക കാലാവധി കാത്തിരിക്കുന്നതായി കേള്‍ക്കുന്നു. തമിഴകത്തെ രാഷ്ട്രീയം അതിന്റെ അടുത്ത വഴി നടക്കാനിരിക്കുന്നു. പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ വളംവച്ച തമിഴ് ദ്രാവിഡ രാഷ്ട്രീയം തീരെ വിസ്മൃതമാകുന്നതാകാം അടുത്ത ഘട്ടം. ആര്യ വൈദിക ജാതി ബ്രാഹ്മണ സവര്‍ണ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ രൂപപ്പെട്ട ഏറ്റവും സജീവവും തനിമയുള്ളതുമായ ബദല്‍ രാഷ്ട്രീയവും ഫിലോസഫി പോലുമായിരുന്നു മദിരാശി പ്രൊവിന്‍സ് എന്ന പേരില്‍ അറിയപ്പെട്ട ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനവും അതിന്റെ മുന്നേറ്റവും. അബ്രാഹ്മണരുടെ സമഗ്ര പുരോഗതി എന്ന പെരിയാറുടെ സ്വപ്നം സെല്‍ഫ് റെസ്‌പെക്ട് പാര്‍ട്ടിയായും ജസ്റ്റിസ് പാര്‍ട്ടിയായും ദ്രാവിഡര്‍ കഴകമായും വളര്‍ന്നു.
തമിഴരുടെ രാഷ്ട്രീയകക്ഷികളുടെ ആസ്പദം പെരിയാറുടെ പ്രവൃത്തിയും ചിത്തവൃത്തിയുമായിരുന്നു. അദ്ദേഹത്തിന്റെ നിരീശ്വരവാദം പക്ഷേ തമിഴരില്‍ ഏശിയതുമില്ല. അടുത്ത അനുയായിയായിരുന്ന അണ്ണാദുരൈ മുന്നോട്ടുവച്ച 'ഞാന്‍ പ്രതിഷ്ഠയും ഉടക്കുന്നില്ല, പ്രതിഷ്ഠയ്ക്കു മുന്നില്‍ തേങ്ങയും ഉടക്കുന്നില്ല' എന്ന മട്ടിലുള്ള പെരിയാറുടെ നേര്‍മിച്ച യുക്തിചിന്ത പോലും ഫലിച്ചില്ല. അപ്പോഴും ദ്രാവിഡ ഉള്ളടക്കം വെടിഞ്ഞുമില്ല. ആദ്യം കോണ്‍ഗ്രസിലായിരുന്നു പെരിയാറും. കോണ്‍ഗ്രസിന്റെ മദിരാശി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ വൈക്കം സത്യഗ്രഹത്തിനു വന്ന തമിഴരുടെ 'തന്തൈ പെരിയാര്‍' വളരെ നാള്‍ കേരളത്തിലും തങ്ങി. പെരിയാര്‍ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനോട് ഗാന്ധിക്കു വിയോജിപ്പായിരുന്നു. ഗാന്ധിയുടെ യങ് ഇന്ത്യ സത്യഗ്രഹം സംബന്ധിച്ച വാര്‍ത്തകളില്‍നിന്ന് എപ്പോഴും പെരിയാറുടെ പേരു വെട്ടി.
വൈക്കം സത്യഗ്രഹം അവസാനിച്ചു നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷനും നായ്ക്കരായിരുന്നു. തമിഴര്‍ അദ്ദേഹത്തെ 'വൈക്കം വീരന്‍' എന്ന പേരിലും ആദരിച്ചു വിളിച്ചു. സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ പലജാതി പ്രയോഗങ്ങള്‍ ഉണ്ടായ കൂട്ടത്തില്‍ ശത്രുനിഗ്രഹത്തിനുള്ള യാഗം നടന്നതു നായ്ക്കര്‍ക്കെതിരേ മാത്രമായിരുന്നു. സമരത്തില്‍ പെരിയാറുടെ പങ്ക് എത്ര ശക്തമായിരുന്നു എന്നതിന്റെ തെളിവ്. വൈക്കം സമരം കഴിഞ്ഞ് പെരിയാര്‍ ആദ്യം ചെയ്തത് കോണ്‍ഗ്രസ് വിടുകയായിരുന്നു. വൈക്കം സത്യഗ്രഹം ഗാന്ധിയെ ശരിക്കും മനസിലാക്കാന്‍ പെരിയാറെ സഹായിച്ചു എന്നു നിരീക്ഷിച്ചവരുണ്ട്. പെരിയാര്‍ ശക്തമായ ഗാന്ധിവിരുദ്ധനും കോണ്‍ഗ്രസ് വിരുദ്ധനുമായി. ആ വിരോധമാണു ശക്തമായ ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ വളരാന്‍ കാരണമായിത്തീര്‍ന്നതും. അംബേദ്കര്‍ മുതല്‍ ജിന്ന വരേയുള്ളവരുമായി പെരിയാര്‍ സന്ധിക്കുകയുമുണ്ടായി.
പെരിയാറുടെ പ്രസ്ഥാനം ദ്രാവിഡര്‍ കഴകം അണ്ണാദുരൈയെ പോലുള്ള അറിവും നയവും അഭിനയവുമുള്ള താരങ്ങളുടെ തട്ടകമായി മാറി. പിന്നീട് പിളര്‍പ്പുകളുടെ കാലമായിരുന്നു. അരുമ ശിഷ്യന്‍ അണ്ണാദുരൈ അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചും ഗുരു ചെറുപ്പക്കാരിയായ മണിയമ്മയെ കെട്ടുക കൂടി ചെയ്തതില്‍ കലഹിച്ചുമാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അണ്ണാദുരൈയുടെ മരണശേഷം എം.ജി.ആറും കരുണാനിധിയുമായി കഴകത്തിലെ നേതാക്കള്‍. കരുണാനിധി തന്നെ അരുക്കാക്കുന്നു എന്നു തോന്നിയ എം.ജി.ആര്‍ കൊത്തിപ്പിരിഞ്ഞു രൂപീകരിച്ചതാണ് അണ്ണാദ്രാവിഡ മുന്നേറ്റ കഴകം. എം.ജി.ആറിനു ശേഷം ഒരു വശത്ത് ജയലളിത, എതിര്‍വശത്ത് കരുണാനിധി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഊര്‍ജവും ആര്‍ജവങ്ങളും അധികാരരാഷ്ട്രീയത്തിന്റെ വച്ചുമാറലുകളില്‍ ഇരുവശത്തും ഇല്ലാതായി.
പിളര്‍പ്പില്‍ എം.ജി.ആര്‍ പക്ഷം പൂര്‍ണമായും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യങ്ങള്‍ പൊഴിച്ചുകളഞ്ഞു. സെലിബ്രിറ്റി രൂപകങ്ങളെ പരമാവധി കൈവരിക്കുകയും ചെയ്തു. കരുണാനിധി പേരിനവ അവശ്യസമയത്ത് എടുത്തണിഞ്ഞു. താരാരാധന, അഴിമതി, കുടുംബവാഴ്ച ഒക്കെച്ചേര്‍ന്നു രണ്ടു പക്ഷത്തെയും വിശ്വാസ്യത ചോരുകയും പ്രതിബദ്ധത സംശയാസ്പദമാക്കുകയും ചെയ്ത കാരണം ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ പതുക്കെ താഴുന്നതും കക്ഷിരാഷ്ട്രീയത്തിന്റെ എല്ലാ അഴുക്കുകളും അതിനെ മൂടുന്നതുമാണു സമീപ ഭൂതകാലത്തു കണ്ടത്. താരങ്ങളെ കൊണ്ടാടിയുള്ള തമിഴ് രാഷ്ട്രീയത്തിന്റെ സമകാലിക രൂപത്തെ കൊണ്ടാടിയും വാഴ്ത്തിയും ദ്രാവിഡീയമായ അതിന്റെ കരുത്തുകള്‍ ചോര്‍ത്തിക്കളായാന്‍ വേണ്ട ഒത്താശകള്‍ മീഡിയ മുതല്‍ പലരും ചെയ്തുകൊടുത്തു. ദ്രാവിഡ കഴകത്തിന്റെ പ്രസക്തി കുറക്കുക ആരുടെയൊക്കെ താല്‍പര്യമാണോ അവര്‍ക്കൊക്കെ മുന്‍കൈയുള്ള കര്‍മങ്ങള്‍. രാജാജിയുടെയും കാമരാജിന്റെയും കോണ്‍ഗ്രസ് ചിത്രത്തില്‍നിന്നു വെട്ടിപ്പോയി.
തമിഴ്‌നാട് സംഘ്പരിവാറിനു മുന്നിലെ ഏറ്റവും അടുത്ത താല്‍പര്യമാണ്. കഴകങ്ങള്‍ക്കുള്ള സ്വാധീനത്തെ ഹൈജാക്ക് ചെയ്യാനിപ്പോള്‍ എളുപ്പമാണ്. ബി.ജെ.പി തമിഴ്‌നാട്ടില്‍ കാലുറപ്പിക്കുക എന്നാല്‍ ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ആവണമെന്നില്ല ഇനി..? ബ്രിട്ടീഷുകാര്‍ മൈല്‍കുറ്റികളില്‍ സ്ഥലപ്പേരുകളും ദൂരം കാണിക്കുന്ന അക്കങ്ങളും എഴുതിവച്ചതു നന്നായി. അല്ലെങ്കില്‍ നമ്മുടെ ജനങ്ങള്‍ അവയും കുളിപ്പിച്ചു മഞ്ഞളും കുങ്കുമവും ചാര്‍ത്തി, പൂചൂടിച്ച് ഒരമ്മന്‍ കോവിലു പണിതേനെ എന്നു സാമൂഹികവിമര്‍ശനം നടത്തിയ പെരിയാരുടെ നാട്ടില്‍ മതം വച്ചുള്ള എതിരുകളിയുടെ തിരക്കഥ ബി.ജെ.പി എഴുതി വരുന്നു. അതുകൊണ്ട് ശേഷം വെള്ളിത്തിരയില്‍!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."