മകനെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കി പീഡിപ്പിക്കുന്നതായി അച്ഛന്റെ പരാതി
തൃശൂര്‍: മാപ്പുസാക്ഷിയായി വെറുതേവിടേണ്ട മകനെ ദുബായ് മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കി കുടുംബത്തെ ഒന്നടങ്കം പീഡിപ്പിക്കുന്നതായി വയോധികനായ അച്ഛന്റെ പരാതി.
നെടുമ്പാശേരി എമിഗ്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചില പ്രതികളെയും വെറുതേവിട്ടിട്ടും നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറിയിറങ്ങി നടക്കേണ്ട അവസ്ഥയിലാണ് മകന്‍.
കേസ് നടത്തിപ്പിന് പണമോ, കയറിക്കിടക്കാന്‍ ഒരു വീടോ ഇല്ലാത്ത അവസ്ഥയില്‍ മരുമകന്റെ വീട്ടിലാണ് തങ്ങള്‍ കഴിയുന്നതെന്നും കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും കേസില്‍ സി.ബി.ഐ 11ാം പ്രതിയാക്കിയ സിറാജ് ചാഴൂരിന്റെ പിതാവ് ചാഴൂര്‍ വലിയകത്ത് സെയ്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2012ല്‍ ടാക്‌സി ഓട്ടംപോയതിനിടെ പരിചയപ്പെട്ട സേതുലാല്‍ എന്ന ആളാണ് മകനെ ചതിച്ചത്. ഒരു ചെറിയ ജോലി ഏല്‍പിക്കുന്നുവെന്ന വ്യാജേന സേതുലാല്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് സിറാജിനെ എത്തിച്ചു.
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറ്റിവിടുന്ന ഒരു യുവതി ദുബായിലേക്കു പോയോ ഇല്ലയോ എന്ന് മകനില്‍നിന്നു അറിയുകയായിരുന്നു സേതുലാലിന്റെ ഉദ്ദേശം. പെണ്‍വാണിഭസംഘം നടത്തിയ കരുനീക്കത്തില്‍ മകന്‍ അകപ്പെടുകയായിരുന്നു. നാലുവര്‍ഷം മുന്‍പ് പത്രങ്ങളിലൂടെയാണ് ഈ റാക്കറ്റിനെക്കുറിച്ച് അറിയുന്നത്. ദിവസങ്ങള്‍ക്കുശേഷം സംഘം പിടിയിലായി. പിന്നീടാണ് മകനുനേരേ കേസും പൊലിസ് ഭീഷണിയും വന്നത്.
പ്രശ്‌നങ്ങള്‍ ഒതുങ്ങിയെന്ന് കരുതി സിറാജ് ഖത്തറിലേക്ക് ജോലിക്കുപോയശേഷമാണ് സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷണവുമായി മകളുടെ വീട്ടിലെത്തിയത്. നാട്ടിലെത്തിയ മകനെ മുംബൈയില്‍ അറസ്റ്റുചെയ്തു. കേസിലെ പ്രധാന കണ്ണിയെന്ന രീതിയില്‍ സി.ബി.ഐ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് പൊലിസ് പിടിച്ചുവയ്ക്കുകയും വിസ കാന്‍സലാകുകയും ചെയ്തതോടെ ലക്ഷങ്ങളുടെ കടബാധ്യതയുമായി.
എല്ലാം തുറന്നുപറഞ്ഞതിന്റെ പേരില്‍ മകന് ജീവനുവരെ ഭീഷണിയുണ്ട്. നിരപരാധിത്വം തെളിയിക്കാനോ സഹായിക്കാനോ ആരും ഇല്ലാത്ത അവസ്ഥയിലാണ് സിറാജിന്റെ ഭാര്യയും കുഞ്ഞും വൃദ്ധദമ്പതികളായ തങ്ങളും അടങ്ങുന്ന കുടുംബം മകളുടെ വീട്ടില്‍ കഴിയുന്നതെന്നും സെയ്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."