ആദിവാസി ഊരുകളില്‍ മാതൃ-ശിശുമരണം കുറക്കാന്‍ ഊരുമിത്രം വരുന്നു
തിരുവനന്തപുരം: ആദിവാസി അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യത്തിന് കാവലാളാകാന്‍ ഊരിലെ വനിതകളെ രംഗത്തിറക്കി സര്‍ക്കാര്‍. പുറത്ത് നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരോ സന്നദ്ധപ്രവര്‍ത്തകരോ വേണ്ട രീതിയില്‍ കരുതല്‍ നല്‍കാത്തതിലാണ് ആദിവാസി കോളനിയിലെ തന്നെ വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി രംഗത്തിറക്കുന്നത്.
ആദ്യഘട്ടം ഡിസംബറില്‍ നടപ്പിലാക്കും. തെരഞ്ഞെടുത്ത ആദിവാസി ഊരുകളിലാണ് ഊരു മിത്രം പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. രണ്ടം ഘട്ടം എല്ലാ ആദിവാസി ഊരുകളിലും നടപ്പിലാക്കും. സംസ്ഥാന ആരോഗ്യ വകുപ്പും, ദേശീയ ആരോഗ്യ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഊരുമിത്രങ്ങള്‍ എന്നായിരിക്കും വളന്റിയര്‍മാര്‍ അറിയപ്പെടുക. ഗര്‍ഭിണികള്‍, അമ്മമാര്‍, ശിശുക്കള്‍ എന്നിവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രാഥമിക സേവനങ്ങള്‍ പരിശീലനം ലഭിച്ച ഊരുമിത്രങ്ങള്‍ നല്‍കും.
ഊരുകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ താമസം കൂടാതെ ആരോഗ്യ വകുപ്പിനെ അറിയിക്കുന്ന ചുമതല ഇവര്‍ക്കുള്ളതായിരിക്കും. ഗോത്ര ഭാഷ അറിയാമെന്നുള്ളതിനാല്‍ ഊരിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
ഇരുപത്തിനാലു മണിക്കൂറും ഇവരുടെ സേവനം ഉണ്ടാകും. നവജാത ശിശുക്കളുടെ പരിചരണത്തിനായി വിവിധ സൗകര്യങ്ങളടങ്ങിയ പ്രത്യേകം തയാറാക്കിയ ഹോം ബോര്‍ഡ് ന്യൂ ബോണ്‍ കെയര്‍ കിറ്റും ഇവരുടെ പക്കലുണ്ടാകും.
പ്രസവ ശുശ്രൂഷ, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാതി എന്നിവയുടെ നിയന്ത്രണം തുടങ്ങിയ മേഖലകളിലും ഊരു മിത്രങ്ങളുടെ സേവനം ലഭിക്കും.
ആദ്യഘട്ടത്തില്‍ വയനാട് ജില്ലയില്‍ തിരുനെല്ലി,മേപ്പാടി, നൂല്‍പ്പുഴ, പൂതാടി, കണ്ണൂര്‍ ജില്ലയില്‍ ആറളം, ഇടുക്കി ജില്ലയില്‍ ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വയനാട്ടില്‍നിന്നു 178 പേരെയും, കണ്ണൂരില്‍നിന്നു ഒന്‍പതു പേരെയും, ഇടുക്കിയില്‍ നിന്നു 22 പേരെയും ഊരുമിത്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയായിരിക്കും ഓരോ ആദിവാസി ഊരുകളിലും നിയമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."