ആരുടേയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് അന്വേഷണ കമ്മിഷന്‍
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ ആരുടെയും സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അറുമുഖ സ്വാമി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ അറുമുഖ സ്വാമിയെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ചെന്നൈയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കമ്മിഷന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ഇന്നലെ ഇവിടെയെത്തി ചുമതല ഏറ്റെടുത്തു. ജയയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അവരുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ഈ മാസം 30ന് എത്തി തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് വിവര ശേഖരണം നടത്തും. ഇതുകൂടാതെ ജയയുടെ മരണം സംബന്ധിച്ച് വ്യക്തിപരമായി അറിവുള്ള കാര്യങ്ങളും തെളിവുകളും നേരിട്ടോ തപാല്‍ വഴിയോ കമ്മിഷനെ അറിയിക്കാം. അടുത്തമാസം 22 വരെ കമ്മിഷന്‍ തെളിവുകള്‍ സ്വീകരിക്കും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."