ഡിജിറ്റല്‍ സമൂഹം ശക്തിപ്പെടുന്നു പണമിടപാട് പരിമിതം, ചെലവും കൂടി; ബാങ്കുകള്‍ എ.ടി.എം പൂട്ടുന്നു
ന്യൂഡല്‍ഹി: ജനങ്ങള്‍ പണം തേടി എ.ടി.എമ്മുകളെ സമീപിക്കുന്നത് പഴങ്കഥയായേക്കും. രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എ.ടി.എമ്മുകളുടെ ആവശ്യം പരിമിതപ്പെടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പണമെടുക്കാന്‍ ആളില്ലെന്ന് കണ്ടതോടെ ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ മൊത്തം എ.ടി.എമ്മുകളില്‍ 358 എണ്ണം പൂട്ടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ എ.ടി.എമ്മുകളുടെ എണ്ണത്തില്‍ 16.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇവയുടെ വളര്‍ച്ച ക്രമേണ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 3.6 ശതമാനമായി എ.ടി.എമ്മുകളുടെ വളര്‍ച്ച കുറഞ്ഞതായി ബാങ്കുകള്‍ പറയുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്നാണ് എ.ടി.എമ്മുകളുടെ ഉപയോഗത്തില്‍ കുറവുണ്ടായത്. കൂടാതെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും ഇവയുടെ എണ്ണം കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എ.ടി.എമ്മുകളുള്ളത് എസ്.ബി.ഐയ്ക്കാണ്. ഇവര്‍ക്ക് 59, 291 എ.ടി.എമ്മുകളാണ് ഉണ്ടായിരുന്നത്. ഇത് 59,200 ആക്കി കുറച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 10, 502 എ.ടി.എമ്മുകളില്‍ ഇന്ന് 10,083 ആക്കി മാറ്റിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് 12,230 എ.ടി.എമ്മുകളില്‍ 12,225 എണ്ണമാക്കിയാണ് കുറച്ചത്.
മുംബൈ പോലുള്ള നഗരങ്ങളിലെ വിമാനത്താവളങ്ങളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും എ.ടി.എം കിയോസ്‌കുകള്‍ സ്ഥാപിക്കുമ്പോള്‍ വാടകയിനത്തില്‍ പ്രതിമാസം ചെലവഴിക്കുന്നത് ശരാശരി 40,000 രൂപയാണ്. മെട്രോ നഗരങ്ങളായ ചെന്നൈ, ബംഗളൂരു പോലുള്ള നഗരങ്ങളില്‍ പ്രതിമാസം 8,000 രൂപ മുതല്‍ 15,000 രൂപവരെയാണ് വാടകയിനത്തില്‍ നല്‍കുന്നത്. കൂടാതെ ഇവിടേക്ക് നിയോഗിക്കുന്ന സുരക്ഷാ ജീവനക്കാരുടെ ശമ്പളമടക്കം നല്‍കേണ്ടിവരുമ്പോള്‍ ഭാരിച്ച ചെലവുണ്ടാകുന്നത് പരിഗണിച്ചാണ് ബാങ്കുകള്‍ എ.ടി.എമ്മുകള്‍ പരിമിതപ്പെടുത്താന്‍ കാരണം. എ.ടി.എം മെഷിനുകളുടെ പരിപാലനത്തിനുവരുന്ന ചെലവ്, വൈദ്യുതി ബില്‍ അടക്കം ഒരു മാസം 30,000 രൂപ മുതല്‍ ഒരു ലക്ഷം വരെ ബാങ്കിന് നല്‍കേണ്ടിവരുന്നുണ്ട്. എ.ടി.എമ്മുകളുടെ എ.സിപ്രവര്‍ത്തിപ്പിക്കുന്നതിനായി വലിയ ചെലവാണ് ബാങ്കുകള്‍ക്കുണ്ടാകുന്നത്. 15 മുതല്‍ 18 ഡിഗ്രിവരെ തണുപ്പ് നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ട് വൈദ്യുതി ചെലവ് ഭാരിച്ചതാണ്.
എസ്.ബി.ഐയുമായി അസോസിയേറ്റ് ബാങ്കുകള്‍ ലയിച്ചതോടെ ചില എ.ടി.എമ്മുകള്‍ പൂട്ടിയിട്ടുണ്ടെന്ന് എസ്.ബി.ഐ ഔദ്യോഗികമായി അറിയിച്ചു. 500 മീറ്ററുകള്‍ക്കുള്ളില്‍ എ.ടി.എമ്മുകള്‍ വേണ്ടതില്ലെന്നാണ് തീരുമാനമെന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും എസ്.ബി.ഐ മാനേജ്‌മെന്റ് പറയുന്നു.
അതേസമയം ചില ബാങ്കുകള്‍ അവരുടെ എ.ടി.എമ്മുകള്‍ നേരിയരീതിയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെലവ് ചുരുക്കി ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് എ.ടി.എമ്മുകള്‍ സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലക്ഷ്മി വിലാസ് ബാങ്ക് സി.ഇ.ഒ പാര്‍ഥസാരഥി മുഖര്‍ജി പറഞ്ഞു. ഈ ബാങ്കിന് 981 എ.ടി.എമ്മുകളാണ് ഉള്ളത്.
എച്ച്.ഡി.എഫ്.സി ബാങ്ക് തിരക്കുള്ള ഇടങ്ങളിലേക്ക് എ.ടി.എമ്മുകളെ മാറ്റാനാണ് ശ്രമം നടത്തുന്നത്. ഉപഭോക്താക്കള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയാണ് എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ തിരക്കൊഴിഞ്ഞ ഭാഗങ്ങളിലുള്ളവ ഇതിന്റെ ഭാഗമായി മാറ്റുകയും ചെയ്യാനാണ് തീരുമാനമെന്നും ബാങ്കിന്റെ ഡെപ്യൂട്ടി എം.ഡി പരേഷ് സുഖ്താന്‍കര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകള്‍ വന്നതോടെ നഗരത്തിലെ 10 എ.ടി.എമ്മുകള്‍ എന്നത് എട്ടായി കുറയ്ക്കാനാണ് തീരുമാനം. നിലവില്‍ 83 ശതമാനം എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നത് നഗരങ്ങളിലാണ്. രാജ്യത്തെ 33 ശതമാനം ജനങ്ങളും ഇപ്പോള്‍ നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നതെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍ പെയ്‌മെന്റ് സൊല്യൂഷന്‍ സി.ഇ.ഒ സഞ്ജീവ് പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."