ഗസയില്‍നിന്ന് അവര്‍ സഊദിയിലെത്തി; ഇരുമെയ്യും ഒരു മനസുമാകാന്
റിയാദ്: ഗസയില്‍നിന്ന് സയാമീസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സഊദിയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താനായി സഊദിയിലെത്തിച്ചത്. വിവരമറിഞ്ഞ രാജകുമാരന് സഊദിയിലെ ആരോഗ്യമന്ത്രാലയത്തിനു പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗസയില്‍ ഫലസ്തീന് ദമ്പതികള്‍ സയാമീസ് ഇരട്ടകള്‍ക്കു ജന്മം നല്‍കിയത്.
ഹനീന്, ഫാറ എന്നീ കുട്ടികളെയാണ് സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയയ്ക്കു പേരുകേട്ട റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചത്. കൂടുതല്‍ പരിശോധനയ്ക്കും പഠനത്തിനും ശേഷം ഇവരെ വേര്‍തിരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കിങ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ് പറഞ്ഞു.
കുട്ടികളുടേത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ഗസയില്‍ ചികിത്സ നടത്തുക പ്രയാസമാണെന്നും ഗസയിലെ ഷിഫാ ആശുപത്രി നവജാത ശിശു യൂണിറ്റ് തലവന്‍ അല്ലാം അബു ഹംദ പറഞ്ഞിരുന്നു. റിയാദിലേക്ക് മാറ്റിയാല്‍ ഇവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്നും ഇവരെ വേര്‍പ്പെടുത്തല്‍ പ്രക്രിയ വിജയകരമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അരക്കു താഴ്ഭാഗം ഒന്നു മാത്രമുള്ള ഇവരുടെ ആന്തരികഭാഗങ്ങള് രണ്ടണ്ടാണോ, അല്ല ഒന്നു മാത്രമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."