സോമാലിയയില്‍ വീണ്ടും ഇരട്ട സ്‌ഫോടനം
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വീണ്ടും ഭീകരാക്രമണം. നഗരത്തില്‍ നടന്ന രണ്ട് വ്യത്യസ്ത കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. 358 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകള്‍ പിന്നിടുന്ന വേളയിലാണ് വീണ്ടും നഗരത്തെ പിടിച്ചുകുലുക്കി ആക്രമണം നടന്നത്.
നസാഹാബ്ലോഡിനടുത്ത് ഒരു ഹോട്ടലിനും മുന്‍ പാര്‍ലമെന്റ് കെട്ടിടത്തിനും നേരെയാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ കാര്‍ബോംബ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇതുവരെ വ്യക്തമായിട്ടില്ല. പത്തുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടലിനു നേരെ കാര്‍ബോംബ് ഇടിച്ചുകയറ്റിയ ശേഷം ഭീകരര്‍ തോക്കുമായി ഹോട്ടലിനകത്ത് പ്രവേശിക്കുകയും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലിസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."