മംഗലൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിന്റെ എന്‍ജിനു തീപിടിച്ചു
ചെറുവത്തൂര്‍ (കാസര്‍കോട്): മംഗലുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ്സിന്റെ എഞ്ചിനു തീപിടിച്ചു. രാത്രി ഏഴുമണിയോടെയാണ് സംഭവം. തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂനിറ്റുകള്‍ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
നീലേശ്വരം ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനുകളുടെ മധ്യത്തിലുള്ളകാര്യങ്കോട് പാലത്തിനു മുകളിലെത്തിയ ട്രെയിനിന്റെ എന്‍ജിനില്‍നിന്ന് പുക ഉയരുന്നതുകണ്ട് പാലത്തിനു സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ബഹളംവച്ച് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. അപകടം മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ ഉടന്‍ നിര്‍ത്തി. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അതേസമയം, അടുത്ത ട്രാക്കിലൂടെ വന്ന പരശുറാം എക്‌സ്പ്രസ് അപകടമുന്നറിയിപ്പിനെ തുടര്‍ന്ന് നിര്‍ത്തുകയും അതിലെ ഫയര്‍ എസ്റ്റിംഗ്യൂഷറും ഉപയോഗിച്ചെങ്കിലും തീയണക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ അടുത്ത വീടുകളില്‍ നിന്നും പുഴയില്‍ നിന്നും വെള്ളം ശേഖരിച്ച് തീയണക്കുകയായിരുന്നു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും റോഡ് മാര്‍ഗമില്ലാത്തതിനാല്‍ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന വനംവകുപ്പ് മന്ത്രി കെ.രാജു എന്‍ജിനോട് ചേര്‍ന്നുള്ള കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു.
തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ മുകളിലായിരുന്നു ട്രെയിനിന്റെ എന്‍ജിനൊഴിച്ചുള്ള മറ്റു ഭാഗങ്ങള്‍. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പുതിയ എന്‍ജിന്‍ കൊണ്ടുവന്ന് വണ്ടി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി. തീപിടിക്കാനുള്ള കാരണം കണ്ടെത്തിയിട്ടില്ലെന്ന് ലോക്കോ പൈലറ്റ് മോഹനന്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മംഗലൂരു വഴി വരേണ്ട ട്രെയിനുകളും കണ്ണൂര്‍ ഭാഗത്തു നിന്നും വരേണ്ട ട്രെയിനുകളും വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം ആറു മണിക്കാണ് മംഗലൂരു സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടത്. അസ്വാഭാവികതകളൊന്നും പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. വനം മന്ത്രി അഡ്വ. കെ രാജു ജില്ലയിലെ നിരവധി പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരുവന്തപുരത്തേക്ക് പോകാന്‍ കാസര്‍കോടു നിന്നാണ് ട്രെയിനില്‍ കയറിയത്. സ്ഥലത്ത് ചന്തേര പൊലിസ് ക്യംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."