പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം തുടങ്ങി
മലപ്പുറം: എല്ലാ വിഷയങ്ങളിലും നിഷ്പക്ഷത പുലര്‍ത്തേണ്ട മാധ്യമ പ്രവര്‍ത്തകര്‍ മതേതരത്വം ചോദ്യംചെയ്യപ്പെടുമ്പോള്‍ മതനിരപേക്ഷതയുടെ പക്ഷം പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കില്‍ മാത്രമേ മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54 ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതക്കും കോര്‍പറേറ്റ് നയങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
ഇത്തരം നിലപാടുകള്‍ കൈമോശംവന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇതിന് വലിയ പ്രസക്തിയുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറാന്‍ അനുവദിക്കാത്തത് ജനാധിപത്യ ധ്വംസനമാണ്. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ഏത് നിലപാടിനും സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. മന്ത്രി ഡോ. കെ ടി ജലീല്‍ പ്രസംഗിച്ചു.
രാവിലെ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്‍ ഗഫൂര്‍ പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനത്തില്‍ ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, അഡ്വ.തമ്പാന്‍ തോമസ് സംസാരിച്ചു. എം.എല്‍.എമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുള്ള,പി അബ്ദുള്‍ഹമീദ്, നഗരസഭാധ്യക്ഷ സി എച്ച് ജമീല സന്നിഹിതരായിരുന്നു.
ജനറല്‍ സെക്രട്ടറി സി.നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഒ വര്‍ഗീസ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍ സ്വാഗതം പറഞ്ഞു.
വൈകിട്ട് പൊതുസമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായി. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പി.വി അബ്ദുള്‍വഹാബ് എം.പി എന്നിവര്‍ സംസാരിച്ചു. ഇന്ന് വെകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."