ഹജ്ജ് കരട് നയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം
കൊണ്ടോട്ടി: വിവാദമായ പുതിയ ഹജ്ജ് കരട് നയത്തിനെതിരേ തിങ്കളാഴ്ച മുംബൈയില്‍ ചേരുന്ന കേന്ദ്രഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേരളം നിലപാട് അറിയിക്കും. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് കാര്യങ്ങളുടെ വിലയിരുത്തലും പുതിയ കരട് നയം സംബന്ധിച്ച ചര്‍ച്ചയുമാണ് നടക്കുക.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അസി.സെക്രട്ടറി അബ്ദുറഹിമാന്‍,കോ-ഓര്‍ഡിനേറ്റര്‍ എം.പി.ഷാജഹാന്‍ എന്നിവര്‍ നാളെ യോഗത്തില്‍ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമാക്കും.
ഹജ്ജ് കരട് നയം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രധാന കാര്യങ്ങളാണ് ഉന്നയിക്കുക. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അഞ്ച് ശതമാനം ക്വാട്ട വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ നീക്കി, ക്വാട്ടയുടെ 80 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. കഴിഞ്ഞ വര്‍ഷം വരെ75 ശതമാനമുണ്ടായിരുന്ന ക്വാട്ട70 ശതമാനമാക്കി കുറക്കാനും, 25 ശതമാനം സ്വകാര്യ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കാനുമാണ് ഹജ്ജ് നയത്തില്‍ ശിപാര്‍ശയുളളത്.
70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് ഹജ്ജിന് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം. കേരളത്തില്‍ അടക്കം നിരവധി തീര്‍ഥാടകരാണ് വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഈ വര്‍ഷം14,000 പേരാണ് അഞ്ചാം വര്‍ഷ കാത്തിരിപ്പ് പട്ടികയിലുള്ളത്.
ഹജ്ജ് എംമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ വെട്ടിക്കുറച്ചതും പുനപ്പരിശോധിക്കണം. നിലവിലുള്ള ഹജ്ജ് ഹൗസുകള്‍ ട്രെയിനിംഗ് കേന്ദ്രങ്ങളാക്കുകയും പുതിയ ഹജ്ജ് ഹൗസ് പണിയുകയും ചെയ്യണമെന്നത് ഒഴിവാക്കണം. കേരളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തണം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതില്‍ സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണം. കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങളോടെ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണനയിലെടുക്കണം.
ഹജ്ജ് സബ്‌സിഡി ഒഴിവാക്കുമ്പോള്‍ വിമാന സര്‍വിസുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണം. ഹജ്ജ് സീസണില്‍ വിമാന നിരക്ക് കുത്തനെ കൂട്ടുന്ന പ്രവണത ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടും. ഈ ആവശ്യത്തോട് മറ്റു സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പിന്തുണ സംസ്ഥാന ഹജ്ജ് കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."