ഇംഗ്ലീഷ് മധുരം കൊല്‍ക്കത്തയില്‍ നിന്ന്
ഉപ്പുതടാക കരയില്‍ പിറന്നത് ചരിത്രം. യൂറോപ്യന്‍ കരുത്തര്‍ ഇഞ്ചോടിഞ്ച് പോരുതിയപ്പോള്‍ അണ്ടര്‍ 17 ലോകകപ്പ് മധുരപ്പതിനേഴിന്റെ കിരീടത്തില്‍ ഇംഗ്ലീഷ് മുത്തം. സ്‌പെയിനിനെ 5-2ന് വീഴ്ത്തി ഇംഗ്ലണ്ട് വെള്ളി കപ്പ് ഉയര്‍ത്തി. കൊണ്ടും കൊടുത്തും അങ്കം വെട്ടിയ പോരാട്ടത്തിന് ഒടുവില്‍ യൂറോ കപ്പില്‍ കിട്ടിയതിന് വംഗ ദേശത്ത് തിരിച്ചടിച്ചാണ് ആദ്യ കിരീടം ഇംഗ്ലീഷ് കൗമാരം നേടിയത്. ചരിത്രത്തിലെ ആദ്യ ഫൈനലില്‍ തന്നെ ഇംഗ്ലണ്ട് ലോകത്തിന്റെ നെറുകയില്‍. റ്യാന്‍ ബ്രൂസ്റ്റര്‍ (44), മോര്‍ഗന്‍ ഗിബ്‌സ് (58), ഫില്‍ ഫോഡന്‍ (69,88), മാര്‍ക്ക് ഗ്വോഹി (84) എന്നിവരാണ് സ്പാനിഷ് മോഹത്തെ തല്ലിക്കെടുത്തിയത്. 10, 31 മിനുട്ടുകളില്‍ സെര്‍ജിയോ ഗോമസാണ് സ്‌പെയിനിന് ഗോള്‍ സമ്മാനിച്ചത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് പടയുടെ കിരീട നേട്ടത്തിലേക്കുള്ള കുതിപ്പ്.
ഒരടിയില്‍ പതറി ഇംഗ്ലണ്ട്
പോരാട്ടത്തിന്റെ ആദ്യ നിമിഷത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍. കല്ലം ഹഡ്‌സണ്‍ ഒഡോയിയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തു നിന്ന് ഫില്‍ ഫോഡന്റെ മികച്ചൊരു ഷോട്ട്. സ്പാനിഷ് പ്രതിരോധനിര ഒരുക്കിയ ബ്ലോക്കിനെ തകര്‍ക്കാന്‍ ഷോട്ടിനായില്ല. തിരിച്ചടിയുമായി സ്‌പെയിനും രംഗത്തിറങ്ങി. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസ് പന്തുമായി ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് നടത്തിയ മുന്നേറ്റം ഓഫ് സൈഡ് കെണിയില്‍. സ്‌പെയിന്‍ പതിയെ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. മെക്‌സിക്കന്‍ തിരമാലകളുടെ വേലിയേറ്റം തീര്‍ത്ത ഗാലറി കാത്തിരുന്ന ആ നിമിഷം പിറന്നു. 10ാം മിനുട്ടിലായിരുന്നു ഫൈനലിലെ ആദ്യ ഗോള്‍ പിറന്നത്. വെള്ളപ്പടയ്‌ക്കെതിരേ നടത്തിയ പ്രത്യാക്രമണത്തിന്റെ ഫലം സ്‌പെയിന്‍ ലീഡ് ഉയര്‍ത്തുന്നതില്‍ അവസാനിച്ചു. നായകന്‍ ആബേല്‍ റൂയിസില്‍ നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡ, സെസാര്‍ ഗിലാബര്‍ട്ട് വഴിയുള്ള നീക്കം. ആ നീക്കത്തിന് മനോഹരമായി അന്ത്യം കുറിച്ചത് സെര്‍ജിയോ ഗോമസ്. ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച ആബേല്‍ റൂയിസ് ഇടത് പാര്‍ശ്വത്തിലൂടെ യുവാന്‍ മിറാന്‍ഡയ്ക്ക് മറിച്ചു. കൃത്യതയോടെ പന്ത് പിടിച്ചെടുത്ത് ഇംഗ്ലണ്ട് ബോക്‌സിലേക്ക് മിറാന്‍ഡയുടെ ക്രോസ്. ഗോളിക്കു മുന്നില്‍ നിലയുറപ്പിച്ചിരുന്ന സെര്‍ജിയോ ഗോമസ് പുറംകാല് കൊണ്ട് പന്ത് തള്ളിയിട്ടത് പോസ്റ്റിലേക്ക്. ഒരടി പിന്നിലായതോടെ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ സമനില പിടിക്കാന്‍ ഇംഗ്ലണ്ടിന് അവസരം ലഭിച്ചു. ബ്രൂസ്റ്റര്‍ പായിച്ച ഷോട്ട് സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി മടങ്ങി. പിന്നാലെ സെര്‍ജിയോ ഗോമസും മുഹമ്മദ് മുഹ്ലിസും ലീഡ് ഉയര്‍ത്താനുള്ള അവസരങ്ങള്‍ പാഴാക്കി.
ബുള്ളറ്റ് സെര്‍ജിയോ
സ്പാനിഷ് പടയുടെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 31ാം മിനുട്ടില്‍ ഇംഗ്ലീഷ് വലയിലേക്ക് രണ്ടാമത്തെ ഗോളും വീണു. ഗോളിലേക്ക് വഴി വെട്ടിയത് സെസാര്‍ ഗിലാബര്‍ട്ടും ഗോള്‍ വീഴ്ത്തിയത് സെര്‍ജിയോ ഗോമസും. ഇംഗ്ലീഷ് പടയുടെ ആക്രമണത്തിന്റെ മുനയൊടിച്ച് സ്പാനിഷ് കൗമാരം നടത്തിയ പ്രത്യാക്രമണത്തിലൂടെയായിരുന്നു ഗോള്‍. ഇംഗ്ലണ്ട് ബോക്‌സിന്റെ വലത് പാര്‍ശ്വത്തില്‍ നിന്ന് പന്ത് ലഭിച്ച ഗിലാബര്‍ട്ട് സെര്‍ജിയോ ഗോമസിന് മറിച്ചു. സെര്‍ജിയോ തൊടുത്ത ബുള്ളറ്റ് ഷോട്ട് തറച്ചിറങ്ങിയത് ഇംഗ്ലീഷ് വലയില്‍. സെര്‍ജിയോയുടെ രണ്ടാമത്തെ ഗോള്‍.
മിന്നലായി ബ്രൂസ്റ്റര്‍
ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് കരുത്തും മൂര്‍ച്ചയും കൂടി. മികച്ച മുന്നേറ്റങ്ങളുമായി സ്പാനിഷ് ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായില്ല. പോസ്റ്റ് പോലും ഇംഗ്ലണ്ടിന് എതിരാളികളായ നിമിഷം. സ്പാനിഷ് പ്രതിരോധത്തെ ബ്രൂസ്റ്ററും ഫോഡനും പലതവണ വിറപ്പിച്ചു. ഗോള്‍ എന്ന ലക്ഷ്യത്തെ ചുംബിക്കാന്‍ ഇരുവര്‍ക്കുമായില്ല. ഇംഗ്ലണ്ട് കാത്തിരുന്ന ആ നിമിഷം ഒടുവില്‍ പിറന്നു. 44ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ മാനം കാത്ത ആദ്യ ഗോള്‍. ബ്ര്യസ്റ്ററിലൂടെ ഇംഗ്ലീഷ് ബൂസ്റ്റ്. വലത് പാര്‍ശ്വത്തില്‍ നിന്ന് സ്റ്റീവന്‍ സെസെഗ്‌നന്‍ ഉയര്‍ത്തിവിട്ട ക്രോസ് ഹെഡ്ഡറിലൂടെ ബ്രൂസ്റ്റര്‍ സ്പാനിഷ് വലയിലേക്ക് വഴിതിരിച്ചു വിട്ടു. ലോകകപ്പിലെ ബ്രൂസ്റ്ററുടെ എട്ടാം ഗോള്‍.
സ്‌പെയിന്‍ കുലുങ്ങി
വീറും വാശിയും ഒട്ടും കുറയാതെയായിരുന്നു രണ്ടാം പകുതിയും. മികച്ച മുന്നേറ്റങ്ങളുമായി സ്‌പെയിനും ഇംഗ്ലണ്ടും. ലീഡ് ഉയര്‍ത്താന്‍ സ്‌പെയിനും സമനില തേടി ഇംഗ്ലണ്ടും തകര്‍ത്തു കളിച്ചു. ഏത് വലയിലും ഗോള്‍ വീഴാവുന്ന പോരാട്ടം. 58ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് സമാശ്വാസം. ബോക്‌സിന് പുറത്ത് ഫില്‍ ഫോഡന് ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വലത് ഭാഗത്ത് സെസെഗ്‌സനിലേക്ക്. പന്ത് ബോക്‌സിന് സമാന്തരമായി ഗിബ്‌സ് വൈറ്റിന് മറിച്ച സെസെഗ്‌സന് പിഴച്ചില്ല. ഗിബ്‌സ് വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് വലയെ വിറപ്പിച്ചു.
കിടിലന്‍ ഫോഡന്‍
സമനില പിടിച്ചതോടെ ഇംഗ്ലണ്ട് മികവിന്റെ ഔന്നത്യത്തിലേക്ക് കടന്നു. 69ാം മിനുട്ടില്‍ വീണ്ടും സ്പാനിഷ് ഗോള്‍ വലയിലേക്ക് ഇംഗ്ലണ്ട് നിറയൊഴിച്ചു. വല കുലുക്കാനുള്ള ഭാഗ്യം ഫില്‍ ഫോഡനായിരുന്നു. മധ്യ വരയ്ക്ക് സമീപത്ത് നിന്ന് ജോര്‍ജ് മക്ഗീരന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഇടത് പാര്‍ശ്വത്തിലൂടെ ഹഡ്‌സന്‍ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്‌സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്‌സന്‍ പന്ത് മറിച്ചു. പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച ഫില്‍ ഫോഡന്‍ പിഴവില്ലാതെ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. 84ാം മിനുട്ടില്‍ ഇംഗ്ലണ്ട് നാലാം തവണയും ലക്ഷ്യം കണ്ടു. പ്രത്യാക്രമണത്തിന്റെ അവസാനം ജോനാഥന്‍ പന്‍സോയുടെ പാസില്‍ നിന്ന് മാര്‍ക്ക് ഗ്വോഹിയാണ് ഇടംകാലന്‍ ഷോട്ടിലൂടെ സ്പാനിഷ് വല കുലുക്കിയത്. 89ാം മിനുട്ടില്‍ ഫില്‍ ഫോഡന്‍ സ്പാനിഷ് മോഹത്തിന്റെ ചിറകരിഞ്ഞ് അഞ്ചാം ഗോളും വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."