ഗൊരക്പൂരിനു പിന്നാലെ ഗുജറാത്ത്; 24 മണിക്കൂറിനിടെ ഒന്‍പത് ശിശു മരണം
അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ പ്രധാനമന്ത്രി മോദിയുടെ നാട്ടില്‍ നിന്ന് വീണ്ടും കൂട്ട ശിശു മരണ വാര്‍ത്ത. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ ഒന്‍പത് കുട്ടികളാണ് ദാരുണമായി മരിച്ചത്.
അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശ്വാസതടസ്സം,ഭാരക്കുറവ് എന്നിവ മൂലമാണ് ശിശുക്കള്‍ മരിക്കാനിടയായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മരിച്ച കുട്ടികളില്‍ നാലു പേര്‍ മാത്രമാണ് ഇവിടെ ജനിച്ചതെന്നും ബാക്കി കുട്ടികളെ മറ്റു ആശുപത്രികളില്‍ നിന്ന് എത്തിച്ചതാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കൂട്ടമരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് സുരക്ഷ ശക്തമാക്കിയത്.
നേരത്തെ യോഗി ആതിഥ്യനാഥിന്റെ നാടായ ഗൊരക്പൂരില്‍ അറുപതോളം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അഹമ്മദാബാദില്‍ നിന്നും ശിശുമരണ വാര്‍ത്ത പുറത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."