ഹാദിയ വീട്ടുതടങ്കലിലല്ലെന്ന് പിതാവ് അശോകന്‍
കോട്ടയം: ഹാദിയയെ മര്‍ദിക്കുന്നില്ലെന്നും വീട്ടു തടങ്കലില്ലെന്നും പിതാവ് അശോകന്‍. മകള്‍ ഏതു മതത്തില്‍ ജീവിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്നും എല്ലാം അവിടെ വച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതിയുടെ നിര്‍ദേശത്തിനു ശേഷം വൈക്കത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഷെഫിന്‍ ജഹാനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് അദ്ദേഹം ഇന്നും ആവര്‍ത്തിച്ചു. മകള്‍ വീട്ടു തടങ്കലിലാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. മകള്‍ക്ക് വീടിനു പുറത്തുപോകാന്‍ ഒരു തടസ്സമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ വീടിനു പുറത്തിറങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു.
വീടിനു പുറത്ത് പോയാല്‍ പൊലിസ് കൂടെ വരുമെന്നത് കൊണ്ടാണ് ഹാദിയ പുറത്തു പോകാത്തത്. നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ അവള്‍ കൊച്ചുകുട്ടിയല്ല. തനിക്കും കുടുംബത്തിനും നേരെ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും അശോകന്‍ പ്രതികരിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും താന്‍ കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ടിരുന്നു. അച്ഛന്‍ തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും ഹാദിയ പറയുന്നതായും വീഡിയോയിലുണ്ട്. അച്ഛന്‍ തന്നെ തല്ലുന്നതായും ചവിട്ടുന്നതായും ഹാദിയ വീഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.
http://suprabhaatham.com/hadiya-video-exclusive/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."